തൃശൂര്‍ പൂരം: സംഘപരിവാര്‍ പ്രതിഷേധം വകവെക്കാതെ കര്‍ശന നിലപാടുമായി തൃശൂര്‍ കളക്ടര്‍ ടി വി അനുപമ

single-img
9 May 2019

തൃശൂര്‍: പൂരത്തിന് ആരോഗ്യപ്രശ്‌നങ്ങളുള്ള ആനകളെ എഴുന്നള്ളിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ടി.വി അനുപമ. ദേഹത്ത് നീരുള്ള ആനകളെയും മദപ്പാടോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉള്ളവയെയും മേയ് 11 മുതല്‍ 14 വരെ എഴുന്നള്ളിപ്പിക്കരുത്. ശബ്ദം കേട്ടാല്‍ വിരളുന്ന ആനകളെ പൂരനഗരിയില്‍ പ്രവേശിപ്പിക്കരുതെന്നും പാപ്പാന്‍മാര്‍ അല്ലാത്തവര്‍ ആനകളെ കൈകാര്യം ചെയ്യരുതെന്നും കളക്ടര്‍ അറിയിച്ചു.

തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും ടി വി അനുപമ അറിയിച്ചു. നാളത്തെ കോടതി വിധിയ്ക്കനുസരിച്ച് വിലക്കിന്റെ കാര്യം തീരുമാനിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ.

ഇതേസമയം, തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ ദിവസങ്ങളായി തുടര്‍ന്ന് വരുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ ദേവസ്വം മന്ത്രി ആന ഓണേഴ്‌സ് ഫെഡറേഷന്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാല് മണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. കൃഷി വകുപ്പ്, വനം വകുപ്പ് മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. വെള്ളിയാഴ്ചത്തെ കോടതി വിധി അനുസരിച്ച് തീരുമാനമെടുക്കുമെന്ന സര്‍ക്കാര്‍ നിലപാട് ദേവസ്വം മന്ത്രി ചര്‍ച്ചയില്‍ ആവര്‍ത്തിക്കും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇനി മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നല്‍കില്ല. മന്ത്രിതല യോഗത്തില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. ഉടമകള്‍ ആനകളെ പീഡിപ്പിച്ച് കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.