ഇംഗ്ലീഷിന് മാര്‍ക്ക് കുറവായിരിക്കുമെന്ന് കരുതി പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; ഫലം വന്നപ്പോള്‍ 82 മാര്‍ക്ക്: വിങ്ങിപ്പൊട്ടി സഹപാഠികളും കുടുംബക്കാരും

single-img
9 May 2019

ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ദാരുണമായ സംഭവം നടന്നത്. സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷര്‍മിഷ്ട റൗട്ടാണ് ആത്മഹത്യ ചെയ്തത്. ഇംഗ്ലീഷിന് മാര്‍ക്ക് കുറവായിരിക്കുമെന്ന്
ഷര്‍മിഷ്ട ഉറപ്പിച്ചിരുന്നു. കുറേയധികം ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാന്‍ സാധിച്ചില്ലെന്ന് ഷര്‍മിഷ്ട വീട്ടുകാരോട് പറഞ്ഞിരുന്നു.

പരീക്ഷയ്ക്ക് ശേഷം ഷര്‍മിഷ്ട തന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങാറില്ലായിരുന്നുവെന്നും ആരോടും അധികം സംസാരിക്കാറില്ലായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഷര്‍മിഷ്ട മുറിയിലെ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.

എന്നാല്‍ തിങ്കളാഴ്ച സിബിഎസ്ഇ പത്താംക്ലാസ് റിസള്‍ട്ട് വന്നപ്പോള്‍ ഷര്‍മിഷ്ടയ്ക്ക് ഇംഗ്ലീഷിന് നൂറില്‍ 82 മാര്‍ക്ക്. മറ്റ് വിഷയങ്ങളെക്കാള്‍ കൂടുതല്‍ മാര്‍ക്ക് ഇംഗ്ലീഷിനാണ് ലഭിച്ചത്. പൊതുവെ ശാന്ത സ്വഭാവക്കാരിയായ ഷര്‍മിഷ്ട നന്നായി ചിത്രം വരയ്ക്കുമായിരുന്നു.

അതിന് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഷര്‍മിഷ്ടയുടെ അച്ഛന്‍ ജോലിക്കും അമ്മ അടുത്ത വീട്ടിലേക്കും പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. അമ്മ നിര്‍മല തിരികെ വീട്ടിലെത്തിയപ്പോഴാണ് മകള്‍ മുറിയിലെ ഫാനില്‍ അവളുടെ ഷാളില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടത്. പെട്ടെന്ന് തന്നെ ഷര്‍മിഷ്ട്ടയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.