ബെംഗളൂരു മെട്രോയിൽ അറബി വേഷത്തില്‍ അജ്ഞാതന്‍; സുരക്ഷാപരിശോധന നടന്നപ്പോൾ മുങ്ങി, ജാഗ്രതാ മുന്നറിയിപ്പ്

single-img
8 May 2019

ബെംഗളൂരു മെട്രോയിൽ അറബി വേഷത്തിൽ അജ്ഞാതൻ. സുരക്ഷാപരിശോധന നടന്നപ്പോൾ ആളെ പെട്ടെന്ന് കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകീട്ട് ബെംഗളൂരു മജെസ്റ്റിക് മെട്രോ സ്‌റ്റേഷനിലാണ് അജ്ഞാതനെ കണ്ടത്. അറബ് വേഷധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കുന്നതിനിടെ അരയില്‍ വെച്ചപ്പോള്‍ ബീപ് ശബ്ദം ഉണ്ടായി. തുടര്ന്നു ഇതെന്താണെന്ന് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ കടന്നുകളയുകയായിരുന്നു.

ഏകദേശം 40ന് അടുത്ത് പ്രായം തോന്നിക്കുന്നയാളായിരുന്നു. ഇയാൾ ഇതിനു മുൻപ് മെറ്റല്‍ ഡിറ്റക്ടര്‍ ഒഴിവാക്കി അകത്തുകടക്കാനും ശ്രമം നടത്തിയിരുന്നു. സുരക്ഷാ ജീവനക്കാർ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മെറ്റല്‍ ഡിറ്റക്ടര്‍ ഒഴിവാക്കി കടത്തിവിടുന്നതിനായി ഇയാള്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായും ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു. മെട്രോയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചു. സംഭവത്തെ തുടർന്ന് ബെംഗളൂരു നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.