അമ്മയുടെ കാമുകൻ ഏഴുവയസ്സുകാരനെ മർദ്ദിച്ചുകൊന്ന സംഭവം; നിയമോപദേശം മറികടന്ന് അമ്മയെ പ്രതിയാക്കി അരുണിനെ രക്ഷിക്കാൻ നീക്കം

single-img
8 May 2019

അമ്മയുടെ കാമുകൻ്റെ മര്‍ദനമേറ്റു തൊടുപുഴയില്‍ ഏഴുവയസുകാരന്‍  മരിച്ച സംഭവത്തില്‍ അമ്മയെ പ്രതിചേര്‍ക്കാനുള്ള നീക്കം പ്രതി അരുണ്‍ ആനന്ദിനു രക്ഷപ്പെടാന്‍ വഴിയൊരുക്കാനെന്നു സൂചന. നിയമോപദേശം മറികടന്നാണ് കുട്ടിയുടെ അമ്മയെ പ്രതിചേർക്കാൻ നീക്കം നടക്കുന്നതെന്നു മംഗളം റിപ്പോർട്ടു ചെയ്യുന്നു.  മകനെ മര്‍ദിക്കുന്നത്‌ കണ്ടിട്ടും അധികാരികളെ വിവരമറിയിക്കാതിരുന്ന കുറ്റം ചാര്‍ത്താനാണു നീക്കം നടക്കുന്നത്‌.

അമ്മയെ പ്രതിചേര്‍ക്കുന്നത്‌ പ്രതി അരുണ്‍ ആനന്ദിനു രക്ഷപ്പെടാന്‍ വഴിയൊരുക്കുമെന്നായിരുന്നു പോലീസിനു ലഭിച്ച നിയമോപദേശം. അമ്മയെ പ്രതിയാക്കുന്നതിനേക്കാള്‍ പ്രോസിക്യൂഷനു പ്രയോജനം സാക്ഷിയാക്കുന്നതാണ്‌. സംഭവത്തിന് മറ്റു സാക്ഷികൾ ഇല്ലാത്തതും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിയാക്കിയാലും പിന്നീട്‌ മാപ്പുസാക്ഷിയാക്കി പ്രതിക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കണമെന്നും നിയമോപദേശത്തില്‍ പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം മറികടന്നാണ്‌ അമ്മയെ പ്രതിയാക്കാനുള്ള നീക്കം നടക്കുന്നത്.

കുഞ്ഞിൻ്റെ മാതാവും അരുണും പ്രതിയായാല്‍ ഒന്നിച്ചുനിന്ന്‌ കേസില്‍നിന്നു രക്ഷപ്പെടാന്‍ സാധ്യതയുണ്ട്‌. മനഃപൂര്‍വമല്ലാത്ത നരഹത്യയായി സംഭവം മാറും.  അരുണിന്റെ മര്‍ദനത്തിലല്ല കുട്ടിക്കു പരുക്കേറ്റതെന്ന്‌ അമ്മ പറഞ്ഞാലും ഇരുവരും രക്ഷപ്പെടും. ഇതു മുന്‍കൂട്ടിക്കണ്ട്‌, അരുണിനെ രക്ഷപ്പെടുത്താനായാണു ചിലര്‍ കുട്ടിയുടെ അമ്മയെയും പ്രതിയാക്കണമെന്നു പ്രചരിപ്പിച്ചതെന്നു സംശയിക്കുന്നതായും സൂചനകളുണ്ട്.

അതേസമയം, കുട്ടിയെ അരുണ്‍ മര്‍ദിക്കുന്നതിന്‌ ഒരിക്കലും അമ്മ കൂട്ടുനിന്നിട്ടില്ലെന്നാണു പോലീസ്‌ കണ്ടെത്തല്‍. അവര്‍ക്കും ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ട്‌. ആരും സഹായിക്കാനില്ലാത്ത അവസ്‌ഥയായിരുന്നതിനാല്‍ എല്ലാം സഹിക്കുകയായിരുന്നു. അരുണിനു പരമാവധി ശിക്ഷ ലഭിക്കാന്‍ അവര്‍ നല്‍കിയ ശക്‌തമായ മൊഴി മാത്രം മതിയെന്നു പോലീസ്‌ പറയുന്നു. ഈ സാഹചര്യത്തില്‍, അവരെയും പ്രതിയാക്കണമെന്നു പ്രചരിപ്പിക്കപ്പെട്ടതില്‍ അരുണിന്റെ അടുപ്പക്കാര്‍ക്കു ബന്ധമുണ്ടോ എന്നു പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. കുട്ടിയുടെ അമ്മയും പ്രതിയായാല്‍ അരുണിനു രക്ഷപ്പെടാന്‍ കഴിയുമെന്നാണ്‌ അരുണിന്റെ അഭിഭാഷകരുടെ കണക്കുകൂട്ടല്‍.

യുവതിയെ പ്രതിയാക്കുന്നപക്ഷം വിചാരണവേളയില്‍ മാപ്പുസാക്ഷിയാക്കാനും അവസരമുണ്ട്‌. എന്നാല്‍, അരുണുമായി ധാരണയിലെത്താനും മാപ്പുസാക്ഷിയാകാന്‍ തയാറാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അരുണിനു കാര്യങ്ങള്‍ എളുപ്പമാകും. ഈ ആശങ്കയുള്ളതിനാലാണ്‌ അവരെ സാക്ഷിയായിത്തന്നെ നിര്‍ത്താന്‍ പോലീസ്‌ ആലോചിച്ചത്‌. അറസ്‌റ്റ്‌ ചെയ്യാതിരുന്നാല്‍ കുട്ടിയുടെ അമ്മയെ സംരക്ഷിക്കാന്‍ പോലീസ്‌ നീക്കം നടത്തുന്നതായി വ്യാഖ്യാനിക്കപ്പെട്ടേക്കുമെന്നതിനാലാണ്‌ അറസ്‌റ്റിനു നീക്കം നടത്തുന്നതെന്നും എന്നാൽ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും തൊടുപുഴ ഡിവൈ.എസ്‌.പി കെ.പി. ജോസ്‌ വ്യക്തമാക്കി.