ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രധാന സഖ്യകക്ഷിയായ ശിവസേന

single-img
8 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ശിവസേനയുടെ മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് റാവത്ത്. എന്‍ഡിഎ മുന്നണിയില്‍ പ്രധാന സഖ്യകക്ഷിയാണ് ശിവസേന.

അതേസമയം, എന്‍ഡിഎ തന്നെയായിരിക്കും അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാകും. എന്തായാലും തങ്ങള്‍ എന്‍ഡിഎയ്‌ക്കൊപ്പമായിരിക്കുമെന്നും റാവത്ത് പറഞ്ഞു.

നേരത്തെ മുതിര്‍ന്ന ബിജെപി നേതാവ് റാം മാധവ് ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന പ്രസ്താവന നടത്തിയിരുന്നു. 2014ലേതിന് സമാനമായി ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്നും എന്‍ഡിഎ ഭരണം തുടരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.