‘മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ പരാതിയുണ്ടെങ്കില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യൂ’; കോണ്‍ഗ്രസിനോട് ചീഫ് ജസ്റ്റിസ്

single-img
8 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഓരോ പരാതികളായി അന്വേഷിക്കാന്‍ കഴിയില്ലെന്നും ഇലക്ഷന്‍ പെറ്റീഷന്‍ കൊടുത്ത് കമ്മീഷന്‍ തീരുമാനം ചോദ്യം ചെയ്യാമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു.

ഇതനുസരിച്ച് പുതിയ ഒരു ഹര്‍ജിയുമായി സുപ്രീംകോടതിയിലേക്ക് കോണ്‍ഗ്രസ് എത്താനും സാധ്യതയുണ്ട്. എന്നാല്‍ സുപ്രീംകോടതി വേനലവധിക്കായി മെയ് 13ന് അടയ്ക്കും. അതിനാല്‍ത്തന്നെ ഉടന്‍ ഒരു നിയമനടപടിയിലൂടെ കോണ്‍ഗ്രസിന് ഈ പരാതിയില്‍ പരിഹാരമുണ്ടാകാനുള്ള സാധ്യത വിരളമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇനി രണ്ട് ഘട്ടങ്ങള്‍ മാത്രമാണ് ബാക്കി. മെയ് 12നും മെയ് 19നും. പ്രചാരണത്തിനായി ഇനി 9 ദിവസങ്ങളേയുള്ളൂ. ഈ കാലയളവിനുള്ളില്‍ പെട്ടെന്ന് പരാതിയില്‍ തീര്‍പ്പുണ്ടാക്കിത്തരണമെന്നാണ് ഹര്‍ജിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ പരാതികളില്‍ തീര്‍പ്പുണ്ടാക്കിക്കഴിഞ്ഞെന്നും അതില്‍ അതൃപ്തിയുണ്ടെങ്കില്‍ അക്കാര്യം വിശദമാക്കി പുതിയ ഹര്‍ജി നല്‍കണമെന്നുമാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതനുസരിച്ച് നാളെത്തന്നെ, അതായത് മെയ് ഒമ്പതിന് തന്നെ, കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയാലും കേസ് കോടതിയില്‍ ലിസ്റ്റ് ചെയ്ത്, വാദങ്ങള്‍ നടന്ന്, മെയ് 13നുള്ളില്‍ കോടതിയുടെ എന്തെങ്കിലും ഉത്തരവ് വരാനുള്ള സാധ്യത വിരളമാണെന്നാണ് നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്.

മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കാനുള്ള കാരണം വിശദീകരിക്കാതെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയെന്നും ആറില്‍ അഞ്ചു തീരുമാനങ്ങളിലും തെരഞ്ഞെടുപ്പു കമ്മീഷനിലെ ഒരംഗം വിയോജിച്ചിരുന്നുവെന്നും കോണ്‍ഗ്രസിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വി ചൂണ്ടിക്കാട്ടിയിരുന്നു.

മോദിയും അമിത് ഷായും വിവിധ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് എംപി സുഷ്മിത ദേവ് കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഏറ്റവുമൊടുവില്‍ രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

ഒമ്പത് തവണയാണ് മോദിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഒമ്പത് തവണയും മോദിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചു. ബാലാകോട്ട് ആക്രമണത്തിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കാന്‍ ശ്രമിച്ചതിനും, ന്യൂനപക്ഷ ശക്തിയുള്ള മേഖലയിലേക്ക് രാഹുല്‍ഗാന്ധി ഒളിച്ചോടിയെന്ന പരാമര്‍ശത്തിന്റെ പേരിലുമടക്കം പരാതി നല്‍കിയിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.