ബിജെപിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളിലൊന്നും രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും പ്രചാരണത്തിന് പോകുന്നില്ല: അരവിന്ദ് കെജ്രിവാൾ

single-img
8 May 2019

ബിജെപിയുമായി നേരിട്ട് പോരാടുന്ന പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി വെറുതെ സമയം പാഴാക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അടുത്ത ദിവസം ഡല്‍ഹിയില്‍ കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കനിരിക്കെയാണ് കെജ്രിവാളിന്റെ വിമർശനം.

‘പ്രിയങ്ക ഗാന്ധി അവരുടെ സമയം വെറുതെ പാഴാക്കുകയാണ്. അവര്‍ എന്തുകൊണ്ടാണ് രാജസ്ഥാനിലോ മധ്യപ്രദേശിലോ പ്രചാരണ പ്രവർത്തനങ്ങൾക്കായി പോകാത്തത്? പകരം ഉത്തർപ്രദേശിൽ ബിഎസ്പിക്കും എസ്പിക്കുമെതിരെയാണ് പ്രിയങ്ക പ്രചാരണം നടത്തിയത്. ഡല്‍ഹിയില്‍ ആം ആദ്മിക്കെതിരെയും. ബിജെപിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളിലൊന്നും രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും പ്രചാരണത്തിന് പോകുന്നില്ല’- കെജ്രിവാൾ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡല്‍ഹിയില്‍ എഎപി-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.
സംസ്ഥാനത്ത് കോണ്‍ഗ്രസാണ് സഖ്യത്തിന് തടസ്സം നില്‍ക്കുന്നതെന്നായിരുന്നു ആം ആദ്മിയുടെ ആരോപണം. ദീര്‍ഘനാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് കെജ്രിവാൾ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി.