വെെദ്യരേ, സ്വയം ചികിത്സിക്കുക: പിണറായിയോടു ശ്രീധരൻ പിള്ള

single-img
8 May 2019

ദേശീയപാത വികസന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. തന്നെ ഒറ്റപ്പെടുത്തി ബഹിഷ്‌കരിക്കണമെന്നു പറയുന്ന സിപിഎമ്മിനോടു പറയാനുള്ളത് വൈദ്യരേ സ്വയം ചികിത്സിക്കുക എന്നാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രളയകാലത്ത് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കുറച്ച് ആളുകള്‍ നിവേദനം തന്നപ്പോള്‍ അതു നിയമാനുസൃതമാണെങ്കില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ഫോര്‍വേഡ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തത്. അതിനെയാണ് മഹാപരാധം എന്ന മട്ടില്‍ സിപിഎമ്മും കേരള സര്‍ക്കാരും അവതരിപ്പിക്കുന്നതെന്ന് ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.   

സാമൂഹ്യമായി ബഹിഷ്‌കരിക്കുക, സാഡിസ്റ്റ് ഇതൊക്കെ കമ്യൂണിസ്റ്റ് പദാവലിയിലുള്ളതാണ്. ട്രോട്‌സ്‌കിയെക്കുറിച്ച് സ്റ്റാലിനാണ് സാമൂഹ്യമായി ബഹിഷ്‌കരിക്കാന്‍ ആദ്യം പറഞ്ഞത്. സാഡിസ്റ്റ് എന്നത് ഇഎംഎസ് അച്യുതമേനോനെക്കുറിച്ചു പറഞ്ഞതാണ്. ഇതൊക്കെ ഇപ്പോള്‍ തനിക്കെതിരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആശാനും വിളക്കും  മാത്രമായി അവശേഷിച്ച പാര്‍ട്ടിയാണ് സിപിഎം. ആദ്യ ലോക്‌സഭയിലെ മുഖ്യ പ്രതിപക്ഷമായിരുന്നു. ഇപ്പോള്‍ ഒരു കൈയിലെ വിരലിലെണ്ണാവുന്ന എണ്ണത്തിലേക്കു ചുരുങ്ങി. വൈദ്യരേ സ്വയം ചികിത്സിക്കുക എന്നാണ് അവരോടു പറയാനുള്ളത്.