തൃശൂര്‍ പൂരം പ്രതിസന്ധിയില്‍; ഒറ്റ ആനകളെയും വിട്ട് നല്‍കില്ലെന്ന് ഉടമകള്‍

single-img
8 May 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന് ഉടമകള്‍. ക്ഷേത്രോല്‍സവങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ശനിയാഴ്ച മുതല്‍ ഒരു പൊതുപരിപാടിക്കും ആനകളെ നല്‍കില്ലെന്നും ഉടമകള്‍ അറിയിച്ചു.

കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണു തീരുമാനം. വനം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വന്‍ ഗൂഢാലോചനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനു പിന്നിലെന്നും ഉടമകള്‍ ആരോപിച്ചു. ആന ഉടമകളുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നു മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രതികരിച്ചു.

പ്രശ്‌നപരിഹാരത്തിന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്കു നിര്‍ദേശം നല്‍കി. പൂരത്തിന് ഒരു ചടങ്ങില്‍ മാത്രമാണ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത്. ഇതിന് അനുവാദം തേടിയുള്ള ഹര്‍ജി ഹൈക്കോടതി 10നു പരിഗണിക്കും. പ്രശ്‌നപരിഹാരത്തിന് ആരുമായും ചര്‍ച്ചയ്ക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.

സമൂഹമാധ്യമത്തിലിട്ട പോസ്റ്റിലാണ് പൂരമടക്കമുള്ള ഉല്‍സവങ്ങള്‍ക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുവദിക്കില്ലെന്ന് വനംമന്ത്രി കെ.രാജു വ്യക്തമാക്കിയത്. തെച്ചിക്കോട്ടുകാവു ദേവസ്വം ആനയെ പീഡിപ്പിക്കുകയാണെന്നും ജീവനു വില കല്‍പിക്കാത്തവരാണെന്നും പോസ്റ്റില്‍ ആരോപിച്ചിരുന്നു.