വികസനം എത്തിനോക്കാത്ത സംസ്ഥാനമാണ് കേരളമെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

single-img
8 May 2019

ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ വികസനം എത്തിപ്പെടാത്ത പ്രദേശമാണ് കേരളമെന്നാണ് ഞങ്ങളുടെ വിലയിരുത്തലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. വികസനരംഗത്ത് ഒന്നും നേടാന്‍ സാധിക്കാതെ ശരിയായ വികസനം എത്തിനോക്കാത്ത സംസ്ഥാനമാണ് കേരളം.

ദേശീയപാത വികസനത്തിന് ബിജെപിയും ഞാനും ഒരവസരത്തിലും എതിര് നിന്നിട്ടില്ല. ഒപ്പം നിന്നവരാണ്. ആസൂത്രിതമായി വിവാദം ഉണ്ടാക്കുകയാണ് സിപിഎം ഭരണകൂടം. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

മാന്യമല്ലാത്ത രീതിയിലാണ് സിപിഎമ്മിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. വ്യക്തിഹത്യ നടത്തുന്ന നിലപാടിനെ ബിജെപി അപലപിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തന്നെ വ്യക്തിപരമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു. ദുരുദ്ദേശ്യപരമായ അപകീര്‍ത്തി പ്രചാരണത്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തിന് തന്നെ ആശങ്കയുണ്ടാക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.