പാലായിൽ നിഷാ ജോസ് കെ മാണിക്കെതിരെ മാണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ കുരിയാക്കോസ് പടവൻ ഇടതുപക്ഷ സ്ഥാനാർത്ഥിയെന്നു സൂചന

single-img
8 May 2019

കെഎം മാണിയുടെ നിര്യാണത്തോടെ പാലായില്‍ ആസന്നമായ ഉപതെരഞ്ഞെടുപ്പില്‍ കുരിയാക്കോസ് പടവന്‍ ഇടതുപക്ഷ സ്ഥാനാർത്ഥിദയാകാൻ സാധ്യത. മാണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയായ പടവൻ പാലാ നഗരസഭയുടെ മുന്‍ അദ്ധ്യക്ഷന്‍ കൂടിയാണ്. ഈ സീറ്റിനായി അവകാശം ഉന്നയിച്ചു കൊണ്ടിരിക്കുന്ന എന്‍സിപിയെ ഒഴിവാക്കിക്കൊണ്ടാണ് ഇടതുപക്ഷം പടവനെ കൊണ്ടുവരുന്നതെന്നു റിപ്പോർട്ടുകൾ.

പാലായില്‍ ഇടതുപക്ഷ സ്വതന്ത്രനായോ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായോ കുരിയാക്കോസ് പടവനെ  മത്സരിപ്പിക്കാനാണ് അണിയറയില്‍ ശ്രമം നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ എന്‍സിപിയില്‍നിന്നു സീറ്റ് ഏറ്റെടുത്ത് ഇടതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവും എൽഡിഎഫിൽ ഉയർന്നിരുന്നു. .

കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി നിഷ കെ. ജോസ് മാണി ആയിരിക്കുമെന്നാണ് സൂചനകൾ. ഈ സാഹചര്യത്തിൽ  പടവനെ കളത്തിലിറക്കിയാല്‍ ജയം ഉറപ്പാക്കാമെന്നാണ് ഇടതുപക്ഷം കരുതുന്നത്. കെഎം മാണിയുടെ ഏറ്റവും അടുത്ത ആളെന്ന നിലയില്‍ കേരളാകോണ്‍ഗ്രസില്‍ വലിയ സ്വാധീനമുള്ള നേതാവാണെങ്കിലും നേതൃത്വമായുള്ള കുരിയാക്കോസ് പടവന്റെ അഭിപ്രായ വ്യത്യാസം നിരവധി തവണ ഉയർന്നുവന്നിട്ടുണ്ട്.  കുരിയാക്കോസ് പടവന്റെ മകളുടെ മനസ്സമ്മത ചടങ്ങില്‍ സി.പി.എം. നേതാക്കളായ മന്ത്രി എംഎം മണി, വിഎന്‍ വാസവന്‍, കെജെ തോമസ് എന്നിവര്‍ പങ്കെടുത്തിരുന്നതും ഇതോടൊപ്പം കൂട്ടിവാക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

ലോക്സഭാ വോട്ടെടുപ്പിന്റെ അടുത്ത ദിവസം മാണി സി. കാപ്പന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് എന്‍സിപി മണ്ഡലം കമ്മിറ്റി രംഗത്തു വന്നിരുന്നു. ഒരുവിഭാഗം എതിര്‍പ്പുമായി രംഗത്തുണ്ടെങ്കിലും മാണി സി. കാപ്പന്റെ സ്ഥാനാര്‍ഥിത്വവുമായി മുന്നോട്ടുപോകാനാണ് എന്‍സിപിയുടെ തീരുമാനം.