ശ്രീലങ്കയിൽ കലാപം: മുസ്‌ലീങ്ങളുടെ ഉടമസ്ഥതയിലുള്ള പള്ളികള്‍ക്കും കടകള്‍ക്കുംനേരെ കത്തോലിക്കരുടെ ആക്രമണം

single-img
8 May 2019

ശ്രീലങ്കയില്‍ കലാപാന്തരീക്ഷം. മുസ്‌ലീങ്ങളുടെ ഉടമസ്ഥതയിലുള്ള പള്ളികള്‍ക്കും കടകള്‍ക്കുംനേരെ കത്തോലിക്കരുടെ ആക്രമണം നടന്നു. ഞായറാഴ്ച നെഗാംബോയ്ക്ക് സമാനമുള്ള പോറുടോട ഗ്രാമത്തില്‍ ഒരു മുസ്‌ലിം ഡ്രൈവറും ഒരു സംഘം കത്തോലിക്കരും തമ്മില്‍ ചെറിയ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഡ്രൈവറുടെ വാഹനം പരിശോധിക്കണമെന്ന കത്തോലിക്കര്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിനു വഴിവെച്ചത്.

ഇത് പിന്നീട് കലാപത്തിനു വഴിവെക്കുകയായിരുന്നു. വൈകുന്നേരത്തോടെ നിരവധി അക്രമികള്‍ തെരുവിലിറങ്ങുകയും അക്രമമഴിച്ചുവിടുകയുമായിരുന്നു. വാഹനങ്ങള്‍ക്ക് തീവെക്കുകയും മുസ്‌ലീങ്ങളുടെ ഉടമസ്ഥതയിലുള്ള രണ്ട് കടകള്‍ ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തിനു പിന്നാലെ സമാധാനം നിലനിര്‍ത്തണമെന്നും ആളുകള്‍ സംയമനം പാലിക്കണമെന്നും സ്പര്‍ദ്ധ വളര്‍ത്തരുതെന്നും ആവശ്യപ്പെട്ട് സഭ രംഗത്തുവന്നിട്ടുണ്ട്.

മദ്യപിച്ച ചിലരാണ് കലാപത്തിന് കാരണക്കാരെന്നാണ് ശ്രീലങ്കന്‍ പൊലീസ് വക്താവ് റുവാന്‍ ഗുണശേഖര തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഗ്രാമത്തില്‍ വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.