നാട്ടിലെത്തിയ ദുബായ് പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട് പോയി

single-img
8 May 2019

ദുബായ് പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ കാണാതായെന്നു പരാതി. ദുബൈ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരനും അരക്കിണര്‍ സ്വദേശിയുമായ മുസഫര്‍ അഹമ്മദിനെയാണ് കാണാതായത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്നാണ് സംശയം.

രണ്ടാഴ്ച മുന്‍പ് വിദേശത്തു നിന്നെത്തിയ മുസഫര്‍ അഹമ്മദിനെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് തട്ടിക്കൊണ്ടുപോയത്. ദുബായ് പൊലീസില്‍ താല്‍ക്കാലിക ഉദ്യോഗസ്ഥനായിരുന്നു മുസഫര്‍ അഹമ്മദെന്ന് മാറാട് പൊലീസ് പറഞ്ഞു. മുസഫറിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവത്തില്‍ സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിനു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.

ഡിസംബര്‍ രണ്ടാം വാരം നാട്ടിലെത്തി തിരികെ പോയതാണ് മുസഫര്‍ അഹമ്മദ്. വീണ്ടും ഏപ്രില്‍ 22ന് നാട്ടിലെത്തി. 24ന് കരിപ്പൂരില്‍ എത്തിയെന്നും വീട്ടിലേക്കു വരികയാണെന്നും മുസഫര്‍ ബന്ധുക്കളെ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് ഫോണ്‍ സ്വിച്ചോഫ് ആയി.

ഡിസംബറില്‍ നാട്ടിലെത്തിയ മുസഫറിന്റെ കൈവശം കള്ളക്കടത്തു സംഘം സ്വര്‍ണം കൊടുത്തുവിട്ടതായാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം. എന്നാല്‍, നാട്ടിലെത്തിയ മുസഫര്‍ സ്വര്‍ണം കൈമാറിയില്ല. വിദേശത്തേക്കു തിരികെപ്പോയ മുസഫര്‍ നാട്ടിലെത്തുന്നതു സംഘം കാത്തിരിക്കുകയായിരുന്നു. ഈ സംഘമാണ് മുസഫറിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച സൂചനകള്‍.