പാകിസ്താനിലേക്ക് പോകുന്ന ഓരോ തുള്ളി ജലവും താന്‍ ഇന്ത്യയിലേക്ക് തന്നെ കൊണ്ടുവരുമെന്ന് മോദി; അധികാരത്തില്‍ വന്നാല്‍ റോബര്‍ട്ട് വദ്രയെ ജയിലിലടയ്ക്കും

single-img
8 May 2019

നമ്മുടെ നദികള്‍ പാകിസ്താന്റെ ഭൂമി ഫലഭൂയിഷ്ഠമാക്കുകയാണെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി ഓരോ തുള്ളി വെള്ളവും ഇന്ത്യയിലേക്ക് തന്നെ താന്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനുമായുള്ള സിന്ധു നദീ ജല കരാര്‍ കോണ്‍ഗ്രസ് റദ്ദാക്കാത്തതിലായിരുന്നു മോദിയുടെ പരാമര്‍ശം. 1960 ല്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്താന്‍ മുന്‍ പ്രസിഡന്റ് അയ്യൂബ് ഖാനും ചേര്‍ന്ന് ഒപ്പുവെച്ച കരാറാണ് സിന്ധു നദീജല കരാര്‍.

കോണ്‍ഗ്രസ് എന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്ത് എന്നോട് നന്നായി ‘സ്‌നേഹം’ പ്രകടിപ്പിക്കുന്നുണ്ടെന്നും മോദി പരിഹസിച്ചു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം, ഹരിയാനയിലെ ഫത്തേബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുമ്പോള്‍ അധികാരത്തില്‍ വീണ്ടും എത്തിയാല്‍ വദ്രയെ ജയിലിലടയ്ക്കുമെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ കാവല്‍ക്കാരനായ താന്‍ കര്‍ഷകരുടെ ഭൂമി തട്ടിയെടുത്ത ഇയാളെ കോടതി കയറ്റിയതാണെന്ന് വാദ്രയുടെ പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും കോടതികളിലും ജാമ്യത്തിനായി ഇയാള്‍ കയറിയിറങ്ങുകയാണ്. വലിയ രാജാവാണെന്നാണ് അയാളുടെ വിചാരം. എന്നാല്‍ ഇപ്പോള്‍ പേടിയുണ്ട്. താന്‍ ഇയാളെ ഒരിക്കല്‍ ജയിലിന്റെ പടിവാതിലില്‍ എത്തിച്ചതാണെന്നും അഞ്ച് വര്‍ഷം കൂടി അധികാരം ലഭിച്ചാല്‍ ഇയാളെ ജയിലിലാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

2014ലെ പൊതു തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും മോദി ഇതേകാര്യം പറഞ്ഞിരുന്നു. അധികാരത്തിലെത്തിയാല്‍ റോബര്‍ട്ട് വദ്രയെ ജയിലിലടയ്ക്കുമെന്ന് പല തെരഞ്ഞെടുപ്പ് യോഗങ്ങളിലും മോദിയും ബിജെപി നേതാക്കളും പ്രഖ്യാപിച്ചിരുന്നു.