മൂന്നാം മുന്നണി ഇന്ത്യ ഭരിക്കും; ഉത്തർപ്രദേശിൽ ബിജെപി തകരും: മൂന്നാം മുന്നണിയുടെ സാധ്യതകള്‍ പ്രവചിച്ച് ബെറ്റിംഗ് വിപണി

single-img
8 May 2019

മൂന്നാം മുന്നണിയുടെ സാധ്യതകള്‍ പ്രവചിച്ച് ഉത്തരേന്ത്യയിലെ ബെറ്റിംഗ് വിപണിയായ സട്ടാ ബസാർ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ 12,000 കോടിയുടെ ബെറ്റിംഗ് സാധ്യതകളാണ് കൽപ്പിക്കപ്പെടുന്നത്. ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഇത്തവണ ഒറ്റയ്ക്ക് ഭരിക്കുവാൻ ഭൂരിപക്ഷം കിട്ടില്ലെന്നും മന്ത്രിസഭ രൂപീകരണത്തിൽ  പ്രാദേശിക പാര്‍ട്ടികളുടെ ശല്യം വലിയ രീതിയില്‍ ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

മൂന്നാം മുന്നണി ഇന്ത്യ ഭരിച്ചേക്കാനുള്ള സാധ്യതകളിലേക്കാണ് വിപണി വിരല്‍ ചൂണ്ടുന്നത്. രണ്ടു റൗണ്ട് പോളിംഗ് മാത്രം ശേഷിക്കെ 118 സീറ്റുകളിലെ കാര്യം കൂടിയേ ഇനി തീരമാനിക്കാനുള്ളൂ. തെരഞ്ഞെടുപ്പിൽ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ദേശീയത, ന്യായ് പോലെയുള്ള ക്ഷേമ പദ്ധതികള്‍, റഫാല്‍ ഇടപാട്, ബൊഫേഴ്‌സ് എന്നിവയെല്ലാമായിരുന്നു ആദ്യകാലത്ത് ചർച്ചചെയ്തിരുന്നത്.

എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥിതിഗതികൾ മാറമറിഞ്ഞു. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടുമെന്ന് പറയാന്‍ ബെറ്റിംഗ് വിപണി മടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കോണ്‍ഗ്രസും ബിജെപിയുമാണ് പ്രത്യക്ഷത്തില്‍ പോരാടുന്നതെങ്കിലും സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുടെ വെല്ലുവിളിയായിരിക്കും ദേശീയപാര്‍ട്ടികള്‍ക്ക് പ്രധാനമായും നേരിടേണ്ടി വരികയെന്നും കരുതപ്പെടുന്നു.

മഹാസഖ്യം വന്‍ വിജയം നേടുന്നത് കൂട്ടുകക്ഷി ഭരണത്തിനുള്ള കുതിരക്കച്ചവടത്തിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും പറയുന്നു. എന്‍ഡിഎയ്ക്ക് 185 മുതല്‍ 220 സീറ്റ് വരെയും യുപിഎയ്ക്ക് 160 മുതല്‍ 180 വരെ സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കോണ്‍ഗ്രസും ബിജെപിയും അല്ലാതെ മൂന്നാം കക്ഷിയായി പ്രവര്‍ത്തിക്കുന്ന മഹാസഖ്യം 225 മുതല്‍ 250 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം.

തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയ്ക്ക് തനിച്ച് 250 സീറ്റുകള്‍ പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും സൂറത്ത്, കൊല്‍ക്കത്ത, ദില്ലി എന്നിവിടങ്ങളിലെ ബെറ്റിംഗ് വിപണി മഹാസഖ്യത്തിനാണ് കൂടുതല്‍ സാധ്യത നല്‍കുന്നത്. അതേസമയം തന്നെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭയില്‍ ചില കക്ഷികളെ ഒപ്പം ചേര്‍ത്ത് ബിജെപി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും പറയുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ആദ്യ ഘട്ടങ്ങളില്‍ സംസ്ഥാനങ്ങളിലെ നില വിലയിരുത്തപ്പെട്ടപ്പോള്‍ ബിജെപി വന്‍ വിജയം നേടുമെന്ന് പ്രവചിച്ച വാതുവെയ്പ്പ് രംഗം തിരഞ്ഞെടുപ്പ് ഓരോ ഘട്ടം കഴിയുമ്പോഴും ട്രെന്‍ഡ് മാറി വരുന്നുവെന്നാണ് പിന്നീട് വിലയിരുത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം യുപിയില്‍ വലിയ രീതിയിലുള്ള കുതിരക്കച്ചവടം നടക്കുമെന്നും, അതില്‍ ചിലപ്പോള്‍ ബിജെപിക്ക് മുന്‍തൂക്കം നേടിയേക്കുമെന്നും ഒരു വിഭാഗം പറയുന്നു.

മറ്റാെരു പ്രധാന വസ്തുത ഉത്തർപ്രദേശിലെ രാഷ്ട്രീയ സാഹചര്യമാണ്. ഉത്തര്‍പ്രദേശ് ബിജെപിയെ കൈവിടുമെന്നാണ് ബെറ്റിംഗ് വിപണി പ്രവചിക്കുന്നത്. മഹാസഖ്യം ഇവിടെ 50 സീറ്റില്‍ അധികം നേടുമെന്നാണ് പ്രവചനം. ഉത്തർപ്രദേശിനൊപ്പം ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ര്ട സംസ്ഥാനങ്ങളിലും ബിജെപി പ്രതിരോധത്തിലാകുമെന്നും പ്രവചിക്കപ്പെടുന്നുണ്ട്. ഗുജറാത്തില്‍ ബിജെപിക്ക് ആറ് സീറ്റ് നഷ്ടപ്പെടുമെന്ന പ്രവചനവുമുണ്ട്. ഇവിടെ കോണ്‍ഗ്രസിന് 7 സീറ്റ് വരെ കിട്ടുമെന്നാണ് സൂറത്തിലെ വിപണി വ്യക്തമാക്കുന്നത്.