തെരെഞ്ഞെടുപ്പ് ഫലം വന്നാലുടൻ രാഷ്ട്രപതിയെ കാണും: അസാധാരണമായ അപേക്ഷ നൽകാൻ പ്രതിപക്ഷ പാർട്ടികളുടെ പദ്ധതി

single-img
8 May 2019

ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നാലുടൻ രാഷ്ട്രപതിയെ കണ്ട് അസാധാരണമായ ഒരു അപേക്ഷ നൽകാൻ പ്രതിപക്ഷ പാർട്ടികൾ പദ്ധതിയിടുന്നു. ബിജെപിയെ എതിർക്കുന്ന 21 പ്രതിപക്ഷ പാർട്ടികളാണ് രാഷ്ട്രപതിയെ കാണുന്നത്.

ഏറ്റവുമധികം സീറ്റു ലഭിക്കുന്ന ഒറ്റ കക്ഷിയെന്ന നിലയിൽ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കരുതെന്നാണ് ഈ പാർട്ടികൾ അഭ്യർത്ഥിക്കാൻ പോകുന്നത്. ഒരു ബിജെപിയിതര സർക്കാരിനു തങ്ങളുടെ പിന്തുണയറിയിക്കുന്ന കത്ത് ഇവർ രാഷ്ട്രപതിയ്ക്ക് കൈമാറും.

വരാൻ പോകുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആർക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മിക്ക പ്രാദേശിക കക്ഷികളും ബിജെപിയ്ക്ക് എതിരാണെങ്കിലും ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കാൻ സാധ്യതയുള്ള ഒറ്റക്കക്ഷിയെന്ന നിലയിൽ ഫലം വന്നു കഴിയുമ്പോൾ രാഷ്ട്രപതി ബിജെപിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കാനുള്ള സാധ്യത ഏറെയാണ്. ആ സാഹചര്യത്തിൽ പ്രതിപക്ഷ സഖ്യങ്ങളെ തകർക്കാനും പാർട്ടികളുമായി ധാരണയുണ്ടാക്കാനും ബിജെപിയ്ക്ക് അവസരം ലഭിക്കുമെന്നതിനാലാണ് ഇത്തരമൊരു അസാധാരണ നീക്കം നടത്താൻ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചിരിക്കുന്നത്.

2014-ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ഒറ്റയ്ക്ക് 282 സീറ്റ് ലഭിച്ചിരുന്നു. 272 സീറ്റുകൾ ലഭിച്ചാൽ കേവല ഭൂരിപക്ഷമാകും.