കെ എം മാണി വഹിച്ച രണ്ടു പദവികളും പി ജെ ജോസഫിന് നല്‍കണം: ജോസഫ് വിഭാഗത്തിന്റെ ആവശ്യം തള്ളി മാണി ഗ്രൂപ്പ്

single-img
8 May 2019

കെ എം മാണിയുടെ മരണശേഷം കേരളാ കോൺഗ്രസിൽ പദവികള്‍ വീതം വയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കം മുറുകുന്നു. മാണിയുടെ അഭാവത്തില്‍ കേരളാ കോണ്‍ഗ്രസില്‍ പിടിമുറുക്കാനുള്ള ജോസഫ് ഗ്രൂപ്പിന്റെ നീക്കങ്ങളാണ് പാര്‍ട്ടിയിലെ സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

കെ എം മാണിയുടെ മുപ്പതാം ചരമദിനമെത്തിയിട്ടും ഒരു അനുശോചന യോഗം പോലും ചേരാന്‍ കഴിയാത്തവിധം വഷളാണ് കേരളാ കോണ്‍ഗ്രസിലെ നിലവിലെ അവസ്ഥ. അനുശോചന യോഗം ചേരാനായാലും പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനായാലും യോഗം ചേരണമെങ്കില്‍ ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് നിര്‍ദ്ദേശം നല്‍കേണ്ടത്. ഈ പദവി ഇപ്പോള്‍ പി ജെ ജോസഫിനാണ്. യോഗം വിളിക്കേണ്ടത് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ ജോയ് എബ്രഹാമാണ്.

എന്നാല്‍ കെ എം മാണിയുടെ വിയോഗ ശേഷം ജോസഫ് ഗ്രൂപ്പിനോടാണ് ജോയ് എബ്രഹാമിനു കൂടുതൽ ആഭിമുഖ്യമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അതിനാലാണ് മാണി ഗ്രൂപ്പ് നേതാക്കള്‍ പല തവണ ആവശ്യപ്പെട്ടിട്ടും യോഗം വിളിക്കാന്‍ ജോയ് എബ്രഹാം തയാറാകാത്തതെന്നാണ് മാണി വിഭാഗത്തിന്റെ ആക്ഷേപം.

കെ എം മാണി വഹിച്ച പദവികള്‍ പി ജെ ജോസഫിന് കൈമാറണമെന്നാണ് മോന്‍സ് ജോസഫ് എം എല്‍ എയുടെ നേതൃത്വത്തില്‍ ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. പകരം ജോസഫ് വഹിക്കുന്ന ഡെപ്യൂട്ടി ലീഡര്‍ പദവി സി എഫ് തോമസിന് കൈമാറാന്‍ ജോസഫ് വിഭാഗം തയാറാണ്. പക്ഷെ, വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം മുന്‍ മന്ത്രി ടി യു കുരുവിളയ്ക്ക് നല്‍കണം.

ജോസ് കെ മാണി വൈസ് ചെയര്‍മാനായി തുടരുന്നതിലും ജോസഫ് ഗ്രൂപ്പിന് തര്‍ക്കമില്ല. ഒപ്പം മുന്‍പ് 2 വൈസ് ചെയര്‍മാന്‍മാര്‍ ഉണ്ടായിരുന്നത് ചൂണ്ടിക്കാട്ടി ഒരു വൈസ് ചെയര്‍മാനെക്കൂടി നിയമിക്കണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം.  ഈ സ്ഥാനത്തേക്ക് ജോസഫിന്റെ മകന്‍ അപു ജോസഫിനെയാണ് പരിഗണിക്കുന്നത്.

മോന്‍സ് ജോസഫിനെക്കൂടി രണ്ടാമത് വര്‍ക്കിംഗ് ചെയര്‍മാനോ വൈസ് ചെയര്‍മാനോ ആക്കണമെന്ന നിര്‍ദ്ദേശവും നിലവിലുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോയ് എബ്രഹാമിനെ സ്ഥാനാര്‍ഥി ആക്കണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ മറ്റൊരു ആവശ്യ൦.

എന്നാൽ സി എഫ് തോമസ്‌ എം എല്‍ എ, തോമസ്‌ ഉണ്ണിയാടന്‍ എക്സ് എം എല്‍ എ എന്നിവർ ജോസഫ് ഗ്രൂപ്പിന്റെ പുതിയ നിലപാടില്‍ അതൃപ്തി അറിയിച്ച് മാറി നില്‍ക്കുകയാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം വരെ പിളര്‍പ്പ് ഒഴിവാക്കാന്‍ ജോസഫ് ഗ്രൂപ്പിന്റെ നിലപാടുകളോട് മൃദുസമീപനം സ്വീകരിച്ച മാണി ഗ്രൂപ്പ് ഇന്നലെ മുതല്‍ നിലപാട് കടുപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുവരെ അനുശോചന യോഗം വിളിച്ചുകൂട്ടാന്‍ തയാറാകാത്തതാണ് മാണി വിഭാഗത്തെ ചൊടിപ്പിച്ചത്. എന്നാല്‍ പദവികളുടെ കാര്യത്തില്‍ ധാരണയാകാതെ യോഗം വിളിക്കാന്‍ തയാറല്ലെന്ന നിലപാടിലാണ് ജോയ് എബ്രഹാം.  ജോയിയുടെ നിലപാട് മാറ്റമാണ് മാണി ഗ്രൂപ്പിനെ ഏറ്റവും അധികം പ്രകോപിപ്പിച്ചത്.

തനിക്കാരുടെയും ഔദാര്യത്തില്‍ ഒരു പദവിയും ആവശ്യമില്ലെന്നും വേണ്ടി വന്നാല്‍ വൈസ് ചെയര്‍മാന്‍ പദവി കൂടി രാജി വയ്ക്കാന്‍ തയാറാണെന്നുമുള്ള നിലപാടിലാണ് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പിന്റെ അവകാശവാദങ്ങള്‍ അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് എം എല്‍ എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും.

ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസും നിലവില്‍ മാണി വിഭാഗത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്നാണ് സൂചന. കെ എം മാണി ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ നടക്കട്ടെയെന്നാണ് സി എഫിന്റെ നിലപാട്. മാണി വിഭാഗം പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നത് സി എഫിന്റെ പേരാണ്. ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കണമെന്നും മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടു.

ഫലത്തില്‍ പദവികളെ ചൊല്ലി കേരളാ കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.