ശ്രീധരന്‍ പിള്ള കത്തയയ്ക്കുന്നത് നിര്‍ത്തിയാല്‍ പിണറായി വിജയന്‍ എല്ലാം ഇപ്പോൾ ശരിയാക്കിത്തരും: കെ സുരേന്ദ്രൻ

single-img
8 May 2019

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെ ദേശീയ പാത വികസനത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. ശ്രീധരന്‍ പിള്ള കത്തയയ്ക്കുന്നതിന് മുമ്പ് കേരളത്തില്‍ വമ്പിച്ച ദേശീയപാത വികസനമായിരുന്നുവെന്നും ഇതിന് മുമ്പ് ബാറുകാര്‍ക്കും ചില ദേവാലയങ്ങള്‍ക്കും വേണ്ടി കിലോമീറ്ററുകളോളം അലൈന്‍മെന്റ് മാറ്റിക്കൊടുത്ത് പാവങ്ങളെ ബുദ്ധിമുട്ടിച്ചത് ബിജെപി നേതാക്കള്‍ പറഞ്ഞിട്ടായിരുന്നുവെന്നും സുരേന്ദൻ പറഞ്ഞു. ഇത്തരത്തില്‍ പരിഹാസരൂപേണ ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

‘പറഞ്ഞ നഷ്ടപരിഹാരം കൊടുക്കാത്തതിന്റെ പേരില്‍ ആയിരങ്ങള്‍ ഇപ്പോഴും തെരുവിലിറങ്ങി സമരം ചെയ്യുന്നത് ശ്രീധരന്‍പിള്ള കാരണം തന്നെ. ഭൂമി ഏറ്റെടുക്കാനാവാതെ പലയിടത്തും സര്‍വ്വേ നടപടികള്‍ മുടങ്ങിക്കിടക്കുന്നതും ബിജെപി കാരണം തന്നെ. കൊല്ലം ബൈപ്പാസ് നാല്‍പ്പത്താറുകൊല്ലം മുടങ്ങിയത് ശ്രീധരന്‍പിള്ളയുടെ സാഡിസം കൊണ്ടല്ലാതെ വേറെന്തുകൊണ്ടാണ്? ശ്രീധരന്‍ പിള്ള കത്തയയ്ക്കുന്നത് നിര്‍ത്തിയാല്‍ പിണറായി വിജയന്‍ ഇപ്പം ശരിയാക്കിത്തരും എല്ലാം….’- സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിന്റെ ചിരകാലാഭിലാഷമായ ദേശീയപാതാ വികസനം തടയാന്‍ കേന്ദ്രത്തിനു കത്തയച്ച പിഎസ് ശ്രീധരന്‍ പിള്ളയ്ക്കു സാഡിസ്റ്റ് മനോഭാവമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ജനങ്ങളുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ സഹായിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തം അറിയാതെ പ്രവര്‍ത്തിക്കുന്ന ബിജെപി നാടിനു ബാധ്യതയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്റെ വിമര്‍ശനം.