ഒറ്റ ആനയേയും പൂരത്തിന് വിട്ടു നല്‍കില്ലെന്ന ആനയുടമകളുടെ നിലപാടിനെ നേരിടാനുറച്ച് സർക്കാർ; ഗുരുവായൂർ ദേവസ്വത്തിൽ നിന്നും മുഴുവൻ ആനകളെയും വിട്ടു നൽകും

single-img
8 May 2019

തൃശൂർ പൂരത്തിന് തിടമ്പ് എഴുന്നള്ളിക്കാൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് പൂരത്തിന് ആനകളെ വിട്ടു നല്‍കില്ലെന്ന് ആനയുടമകള്‍ സ്വീകരിച്ച നിലപാടിനെ നേരിടാനുറച്ച് സർക്കാർ. തൃശൂര്‍ പൂരത്തിനായി തങ്ങളുടെ എല്ലാ ആനകളേയും വിട്ടു നല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോർഡ് വ്യക്തമാക്കി.

ദേവസ്വത്തിന് കീഴിലുള്ള ആരോഗ്യമുള്ള എല്ലാ ആനകളേയും വിട്ടു നല്‍കുമെന്നാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചത്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കും പൂരവുമായി ബന്ധമില്ലെന്നും ഇത്തരമൊരു തീരുമാനത്തില്‍ നിന്ന് ആനയുടമകൾ പിന്‍മാറണമെന്ന് മന്ത്രി വി എസ് സുനില്‍കുമാറും ആവശ്യപ്പെട്ടിരുന്നു. നിലവിൽ തൃശൂര്‍ പൂരം സംബന്ധിച്ച് ഉണ്ടായിട്ടുള്ള പ്രശ്നം എല്ലാവരോടും കൂടിയാലോചിച്ച് പരിഹരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിക്കുകയും ചെയ്തതാണ്.

ഇപ്പോഴുള്ള തൃശൂര്‍ പൂരത്തിനെന്നല്ല ഇനിയൊരു ഉത്സവത്തിനും പരിപാടികള്‍ക്കും ആനകളെ വിട്ടു നല്‍കില്ലെന്നായിരുന്നു കേരള എലിഫെന്റ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചത്. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്നതില്‍ നിന്നും വിലക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.

ഈ മാസം 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ വിട്ടു നല്‍കില്ലെന്നാണ് സംഘടനയുടെ നിലപാട്. ക്ഷേത്ര ഉത്സവ ആഘോഷങ്ങള്‍ സുഗമമായി നടത്താന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു തീരുമാനമുണ്ടാകുന്നതു വരെ ആനകളെ പരിപാടികളില്‍ എഴുന്നള്ളിക്കേണ്ടെന്നാണ് തീരുമാനമെന്നാണ് ആന ഉടമസ്ഥരുടെ ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.