ബി.ജെ.പിക്ക് കനത്ത തിരിച്ചടി; നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

single-img
8 May 2019

മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പി. പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ലഡാക്ക് പ്രസ്സ് ക്ലബിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതിന് പിന്നാലെ സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ആരോപണം നിഷേധിക്കുകയും പ്രസ് ക്ലബിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും പറഞ്ഞ ജമ്മുകാശ്മീര്‍ ബി.ജെ.പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം കൈമാറുന്നതായി സി.സി ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്.

പാര്‍ട്ടി എം.എല്‍.എയായ വിക്രം രണ്‍ദ് വെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കുന്നതായി സി.സി ടി.വി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹോട്ടല്‍ സിങ്കെ പാലസില്‍ നടത്തിയ ബി.ജെ.പിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി നേതാക്കള്‍ പണമടങ്ങിയ കവര്‍ കൈമാറുകയായിരുന്നുവെന്ന് റിന്‍ചന്‍ അഗ്മോ എന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു ആദ്യം തുറന്നുപറഞ്ഞത്.

‘ഹാളിനകത്ത് വെച്ച് അവര്‍ ഒരു കവര്‍ തന്നു. അവിടെ വെച്ച് കവര്‍ തുറന്ന് നോക്കരുതെന്ന് പറയുകയും ചെയ്തു. എന്നാല്‍ ആകാംഷ തോന്നി തുറന്നു നോക്കി. 500 ന്റെ കുറേ നോട്ടുകളായിരുന്നു അതില്‍. ഞാന്‍ അപ്പോള്‍ തന്നെ അത് അദ്ദേഹത്തിന് തിരിച്ചുകൊടുത്തു. എന്നാല്‍ അദ്ദേഹം അത് വാങ്ങാന്‍ തയ്യാറായില്ല. ഇതോടെ കവര്‍ മേശപ്പുറത്ത് തന്നെ വെച്ച് ഞാന്‍ ഇറങ്ങി’എന്നായിരുന്നു മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയത്.

പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയും മറ്റ് നേതാക്കളും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്നായിരുന്നു ലഡാക് പ്രസ് ക്ലബ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആരോപണം ബി.ജെ.പി നിഷേധിക്കുകയായിരുന്നു. കവറില്‍ നല്‍കയത് നിര്‍മലാ സീതാരാമന്റെ തെരഞ്ഞെടുപ്പ് റാലിയുടെ ക്ഷണക്കത്താണെന്നായിരുന്നു ബി.ജെ.പി വിശദീകരിച്ചത്.

വിഷയത്തില്‍ ലേയിലെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ഡെപ്യൂട്ടി കമ്മീഷണര്‍ അവ്‌ന ലവാസയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും ക്രിമിനല്‍ കേസിന്റെ പരിധിയില്‍ വരുന്ന നടപടിയാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പോളിങ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.