വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ബിജെപി തോൽവി പ്രതീക്ഷിച്ചു തുടങ്ങി; നേതാക്കളുടെ പ്രസ്താവനകൾ തെളിവ്

single-img
8 May 2019

2014ൽ സംഭവിച്ചതുപോലെ മൃഗീയ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലേറുമെന്ന അവകാശവാദവുമായി തിരഞ്ഞെടുപ്പിനിറങ്ങിയ ബിജെപി വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ആത്മവിശ്വാസകുറവ് പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെങ്കിലും മറ്റ് പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ മാത്രമേ സർക്കാർ രൂപീകരിക്കുവാൻ കഴിയുകയുള്ളുവെന്നാണ് സൂചന. ഇക്കാര്യം തന്നെയാണ് ഇപ്പോൾ പരസ്യമായി ബിജെപി നേതാക്കൾ പറയുന്നതും.

പാർട്ടിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിക്കാൻ ഇടയില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവന ബിജെപിയെ പ്രതിസന്ധിലാഴ്ത്തിയിരുന്നു. ബിജെപിയിലെ ആർഎസ്എസ് നോമിനിയായി അറിയപ്പെടുന്ന റാം മാധവ് നടത്തിയ പ്രസ്‌താവന ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീ നിരീക്ഷകരും കാണുന്നത്. റാം മാധവിൻ്റെ പ്രസ്താവനയിലൂടെ ആർഎസ്എസ് നേതൃത്വത്തിനും ഇത്തവണ ആത്മവിശ്വാസമില്ലെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ബിജെപിയുടെ ഒൗദ്യോഗിക മുഖമെന്നറിയപ്പെടുന്ന റാം മാധവിന്റെ പ്രസ്താവന പുറത്തു വന്നതിനു പിന്നാലെ ശിവസേനാ നേതാവ് സഞ്ജയ് റാവത്തും സമാനമായ വാദമുയർത്തി രംഗത്തെത്തിയിരുന്നു. ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും സഖ്യകക്ഷികളുടെ സഹായത്തോടെ എൻഡിഎ തന്നെ സർക്കാർ രൂപീകരിക്കുമെന്നുമാണ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്. ബിജെപിയേക്കാൾ സഖ്യകക്ഷികൾക്കായിരിക്കും ഇത്തവണ പ്രാമുഖ്യം കൂടുതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എല്ലാത്തിനുമൊടുവിലായി കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജയ്‌റ്റ്‌ലി നടത്തിയ പ്രസ്‌താവന എത്തി. ബിജെപിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാവാൻ മാത്രമേ കഴിയൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഡൽഹിയിൽ വിവിധ ക്രൈസ്‌തവ സഭകളുമായി നടത്തിയ ചർച്ചിലാണ് 2014 ആവർത്തിക്കാനാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചതും.  എന്നാൽ സഖ്യകക്ഷികളുടെ സഹായത്തോടെ ബിജെപി തന്നെ ഇന്ത്യ ഭരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇത്തരത്തിലുള്ള പ്രസ്താവനകളെല്ലാം ബിജെപിയുടെ ആത്മവശ്വസക്കുറവാണ് കാണിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തി നിൽക്കേ ബിജെപി നേതാക്കളിൽ നിന്നും പുറത്തു വരുന്ന പ്രസ്താവനകൾ രാഷ്ട്രീയ പരമായി ബാധിക്കുമെന്നിരിക്കേ തോൽവി സമ്മതിച്ച പ്രതീതിയാണ് ബിജെപിയിൽ നിന്നുമുണ്ടാകുന്നതെന്നും അവർ വ്യക്തമാക്കുന്നു.