അപകീർത്തികരമായ വാർത്ത: ഏഷ്യാനെറ്റ് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതിവിധി

single-img
8 May 2019

അപകീർത്തികരമായ വാർത്ത പ്രക്ഷേപണം ചെയ്തതിനു ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരൻ കന്നഡ നടിയും മുൻ പാർലമെന്റ് അംഗവുമായ ദിവ്യ സ്പന്ദന(രമ്യ) യ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതിവിധി. ബംഗളൂരുവിലെ അഡീഷ്ണൽ സിറ്റി സിവിൽ & സെഷൻസ് കോടതിയിലെ
ജസ്റ്റിസ് നാഗലിംഗനഗൌഡ പാട്ടീലിന്റേതാണ് വിധി.

ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വർക്ക്സ് ഒന്നാം പ്രതിയും അതിന്റെ കീഴിലുള്ള കന്നഡ ചാനലായ സുവർണ ന്യൂസ് രണ്ടാം പ്രതിയുമായ കേസ് 2013 സെപ്റ്റംബർ മാസത്തിലാണ് ഫയൽ ചെയ്തത്. 2013-ലുണ്ടായ ഐപിഎൽ കോഴവിവാദത്തിൽ തന്റെ പേരു അനാവശ്യമായും അടിസ്ഥാനരഹിതമായും വലിച്ചിഴച്ചു എന്നായിരുന്നു ദിവ്യ സ്പന്ദനയുടെ പരാതി. റോയൽ ചലഞ്ചേഴ്സ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ദിവ്യ സ്പന്ദന.

ഐപിഎൽ കോഴ വിവാദവുമായി ബന്ധപ്പെട്ട വാർത്ത പ്രക്ഷേപണം ചെയ്യുന്നതിനിടയിൽ താൻ ഐപിഎൽ കാണുന്നതിന്റെ ദൃശ്യങ്ങൾ കാണിക്കുകയും “ ഐപിഎൽ കോഴയിൽ നടിമാർക്കും പങ്ക്” എന്നതരത്തിലുള്ള അടിക്കുറിപ്പുകൾ നൽകുക വഴി തനിക്ക് അതിൽ പങ്കുണ്ടെന്ന് അടിസ്ഥാനരഹിതമായി സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന് ദിവ്യ സ്പന്ദനയുടെ പരാതിയിൽ പറയുന്നു. സുവർണ്ണ ന്യൂസ് 2013 മേയ് 31-നു പ്രക്ഷേപണം ചെയ്ത “പന്തയ റാണിമാർ” എന്ന് പേരിട്ട പരിപാടിയിൽ ഐപിഎല്ലുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിലും കളികാണുവാനും പരാതിക്കാരി ഇരിക്കുന്നതിന്റെ ദൃശ്യങ്ങളോടൊപ്പം “നിശാ പാർട്ടികളിലെ ചന്ദന റാണി”, “ഇടനിലക്കാരികളായ നടിമാർ”, “നിശാപാർട്ടികളിൽ കാണുന്ന ത്രികോണമുഖമുള്ള ചന്ദന റാണി, സുന്ദരി” , “രമ്യ ഐപിഎൽ പാർട്ടികളിൽ” എന്നിങ്ങനെ അപകീർത്തികരമായ അടിക്കുറിപ്പുകൾ കാണിക്കുകയുണ്ടായി എന്നും വീഡിയോ തെളിവുകളടക്കം ദിവ്യ സ്പന്ദന പരാതിപ്പെട്ടു.

ദിവ്യ സ്പന്ദനയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വർക്സും സുവർണ്ണ ചാനലും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. പരാതിക്കാരിക്കുണ്ടായ മാനനഷ്ടത്തിനു പരിഹാരമായി 50ലക്ഷം രൂപ നൽകണമെന്നും കോടതി വിധിച്ചു.