രാജ്യത്തെ 20 ലക്ഷം വോട്ടിംഗ് യന്ത്രങ്ങള്‍ കാണാനില്ല; യന്ത്രങ്ങള്‍ വാങ്ങിയ കണക്കുകളിലും ക്രമക്കേട്

single-img
8 May 2019

രാജ്യത്തെ 20 ലക്ഷം വോട്ടിംഗ് യന്ത്രങ്ങള്‍ കാണാനില്ല. വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇവ വിതരണം ചെയ്ത സ്ഥാപനങ്ങളുടെയും കണക്കുകള്‍ തമ്മില്‍ 116 കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഫ്രണ്ട്‌ലൈന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവരാവകാശ നിയമപ്രകാരം മനോരഞ്ജന്‍ റോയ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് അപേക്ഷ സമര്‍പ്പിച്ച് രേഖകള്‍ ശേഖരിച്ചത്. 1989 മുതല്‍ 2015കാലം വരെയുള്ള കണക്കുകളാണ് വിവരാവകാശ നിയമപ്രകാരം ശേഖരിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപകരണങ്ങള്‍ വാങ്ങിയിരിക്കുന്നത്.

ഇക്കൂട്ടത്തില്‍ നിന്നും ഭാരത് ഇലക്ട്രോണിക്‌സില്‍ നിന്ന് 19,69,932 യന്ത്രങ്ങളാണ് സപ്ലെ ചെയതതായി കണക്കുകള്‍ പറയുന്നതെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില് ഇത് 10,05,662 മാത്രമാണ്. അതേസമയം, ഇലക്ട്രോണിക് കോര്‍പ്പറേഷനില്‍ നിന്ന് 19,44,593 യന്ത്രങ്ങള്‍ കണക്ക് പ്രകാരം വാങ്ങിയപ്പോള്‍ കമ്മീഷന്റെ കണക്കില്‍ ഇത് 10,14,644ആണ്.

വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇരുകമ്പനികള്‍ക്കുമായി ആകെ 652.66 കോടി രൂപയാണ് ലഭിച്ചതെന്നാണ് കണക്ക്.കമ്മീഷന്റെ കണക്കില്‍ ചെലവായത് 536 കോടിയാണ്. ഇവതമ്മില്‍ 116 കോടി രൂപയുടെ ക്രമക്കേടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേപോലെ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതും തിരിച്ചുവാങ്ങിയതുമായുള്ള കണക്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയ്യില്‍ കണക്കുകള്‍ ഇല്ല. കേടുവന്ന യന്ത്രങ്ങളുടെയും കാലാവധി കഴിഞ്ഞതിനും ഇതുതന്നെയാണ് അവസ്ഥ.

വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതിയില്‍ മനോരഞ്ജന്‍ റോയ് കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നോട്ടീസ് അയച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. കേസ് ജൂലായ് 17 ന് കോടതി വീണ്ടും പരിഗണിക്കും.