ചീഫ് ജസ്റ്റിസിന്റെ ക്ലീൻ ചിറ്റ്: സുപ്രീം കോടതിയ്ക്ക് മുന്നിൽ സ്ത്രീ കൂട്ടായ്മയുടെ പ്രതിഷേധം

single-img
7 May 2019

സുപ്രീം കോടതിക്ക് മുന്നിൽ വനിതാ കൂട്ടായ്മയുടെ പ്രതിഷേധം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതി തള്ളിയ സാഹചര്യത്തിലാണ് ഇതിനെതിരെ വനിതാ കൂട്ടായ്മ പ്രതിഷേധവുമായി എത്തിയത്. 

വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‍സ്ആപ്പ് ഗ്രൂപ്പാണ് സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധം ആഹ്വാനം ചെയ്തത്. ഒരു വിഭാഗം അഭിഭാഷകരും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി. പ്രതിഷേധത്തെത്തുടർന്ന് സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി.

രാവിലെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു മണ്ഡി മാര്‍ഗ് പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. കൂടുതൽ പ്രതിഷേധക്കാര്‍ എത്തിയേക്കുമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കോടതിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ചീഫ് ജസ്റ്റിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഇന്ദിര ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമിതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് പരാതിക്കാരി അന്വേഷണവുമായി സഹകരിക്കാതെ പിന്‍വാങ്ങിയിരുന്നു. സമിതിയില്‍നിന്നു നീതി ലഭിക്കുമെന്നു പ്രതീക്ഷയില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.