ഞങ്ങളുടെ കൂടെ കിംഗുണ്ട്; അതുകൊണ്ട് കിംഗ് മേക്കർമാരെ ആവശ്യമില്ല: രാം മാധവ്

single-img
7 May 2019

വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് സർക്കാർ ഉണ്ടാക്കാൻ ആരുടേയും പിന്തുണ വേണ്ടിവരില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടാകുമെന്നും രാം മാധവ് എൻഡിടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

രാം മാധവ് ഇന്നലെ ബ്ലൂംബർഗിനു നൽകിയ അഭിമുഖത്തിൽ ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനകളുണ്ടെന്നതരത്തിൽ വ്യാഖ്യാനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് രാം മാധവിന്റെ പുതിയ പ്രസ്താവന.

ബിജെപി ഇതര കോൺഗ്രസ് ഇതര മുന്നണിയുണ്ടാക്കാനായുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ ശ്രമങ്ങളേയും രാം മാധവ് തള്ളിപ്പറഞ്ഞു.

“തെലങ്കാന മുഖ്യമന്ത്രിയെയും (കെ സി ആർ) ആന്ധ്രാ മുഖ്യമന്ത്രിയെയും (ചന്ദ്രബാബു നായിഡു) പോലുള്ള ചില നേതാക്കൾ കിംഗ് മേക്കർ ആകുന്നത് സ്വപ്നം കണ്ട് നടക്കുകയാണ്. കിംഗ് ഞങ്ങളുടെ കൂടെയുള്ളപ്പോൾ കിംഗ് മേക്കറുടെ ആവശ്യമെന്താണ്?” രാം മാധവ് ചോദിച്ചു.

ഒഡിഷ, ബംഗാൾ, നോർത്ത് ഈസ്റ്റ് നിലവിലുള്ള സീറ്റുകൾ നിലനിർത്തുന്നതിനോടൊപ്പം ബിജെപി കൂടുതൽ സീറ്റുകൾ നേടുകയും ചെയ്യുമെന്നാണ് രാം മാധവിന്റെ വിലയിരുത്തൽ. 18 മുതൽ 25 വരെ സീറ്റുകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയ്ക്ക് ലഭിക്കുമെന്നാണ് രാം മാധവ് പറയുന്നത്.