‘ഈ ബി.ജെ.പിക്കാരി എന്തൊരു ഫ്രോഡാണ്’; സ്മൃതി ഇറാനിക്കെതിരെ വി.ടി.ബല്‍റാം

single-img
7 May 2019

അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിക്കുന്നുവെന്ന ബി.ജെ.പി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിനു പിന്നാലെ പ്രതികരണവുമായി വി.ടി.ബല്‍റാം എം.എല്‍.എ. സ്മൃതി ഇറാനിയുടെ വ്യാജ വീഡിയോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചുവെന്നും എന്തൊരു ഫ്രോഡാണ് ഈ ബി.ജെ.പിക്കാരിയെന്നുമായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ ദിവസമാണ് ബൂത്ത് പിടിത്തമെന്ന ആരോപണവുമായി സ്മൃതി ഇറാനി രംഗത്തെത്തിയത്. ഇതിന് തെളിവായി വീഡിയോയും അവര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോ അടിസ്ഥാന രഹിതമാണെന്ന് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ വെങ്കടേശ്വര്‍ലു അറിയിച്ചിരുന്നു.

പരാതി ലഭിച്ചപ്പോള്‍ തന്നെ അമേത്തിയിലെ വിവിധ പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമാരോടും ഉദ്യോഗസ്ഥരോടും കമ്മീഷന്‍ ഇക്കാര്യം അന്വേഷിച്ചു. ഇതേതുടര്‍ന്ന് വീഡിയോ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. എന്നാല്‍ ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും വെങ്കടേശ്വര്‍ലു അറിയിച്ചു.