യുപിഎ ഭരണകാലത്ത് ഇന്ത്യ നടത്തിയ മിന്നലാക്രമണങ്ങളുടെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല; വിവരാവകാശ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി

single-img
7 May 2019

ഒന്നും രണ്ടും യുപിഎ ഭരണകാലത്ത് നടത്തിയന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ട മിന്നലാക്രമണങ്ങളെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ച നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് യുപിഎ ഭരണകാലത്ത് ആറ് മിന്നലാക്രമണങ്ങൾ നടത്തിയുണ്ടെന്ന് പറഞ്ഞത്. 2008 ജൂൺ 19-ന് ജമ്മു കശമീരിലെ പൂഞ്ചിലെ ഭട്ടൽ മേഖലകളിലാണ് സൈന്യം ആദ്യമായി മിന്നലാക്രമണം നടത്തിയത്. പിന്നീട് 2011 ഓഗസ്റ്റ് 30, സെപ്റ്റംബര്‍ ഒന്ന് തിയതികളിൽ ഖേലിലെ നീലം തടാകത്തിനടുത്ത് വച്ചാണ് രണ്ടാമത്തെ മിന്നലാക്രമണം നടത്തിയത്.

2013 ജനുവരി മാസം ആറിന് സവാൻ പത്ര ചെക്ക് പോസ്റ്റിൽ മൂന്നും ജൂലൈ 27, 28 തീയ്യതികളിൽ നാസിപൂരിൽ നാലും ആ​ഗസ്റ്റ് ആറിന് നീലം വാലിയിൽ അഞ്ചും മിന്നലാക്രമണങ്ങൾ നടത്തി. പിന്നീട് 2014 ജനുവരി 14-നാണ് ആറാമത്തെ മിന്നലാക്രമണം നടത്തിയതെന്നും ശുക്ല പറഞ്ഞു. പക്ഷെ കടലാസില്‍ മിന്നലാക്രമണം നടത്താന്‍ മാത്രമേ കോണ്‍ഗ്രസിനെക്കൊണ്ട്‌ മാത്രമേ സാധിക്കൂ എന്ന് പറഞ്ഞാണ് മോദി ഇതിനെ പരിഹസിച്ചത്.

വിവാദങ്ങളെ തുടർന്ന് മോദി ഭരണകാലത്തിന് മുന്‍പും ഇന്ത്യ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് ലഫ്റ്റനന്റ് ജനറൽ ഡിഎസ് ഹൂഡ പറഞ്ഞു.നിലവിലെ സർക്കാരിന്റെ കാലത്തിൽ 2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ഡിഎസ് ഹൂഡ.

എന്നാൽ, കോൺഗ്രസ് കള്ളം പറയുകയാണെന്നും തന്റെ കാലഘട്ടത്തിൽ എപ്പോഴാണ് സൈന്യം മിന്നലാക്രമണം നടത്തിയതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും മുൻ കരസേന മേധാവിയും ഗാസിയാബാദിലെ ബിജെപി സ്ഥാനാർത്ഥിയുമായ വി കെ സിംഗ് പറഞ്ഞു. ഇതോടെ ഇന്ത്യ നടത്തിയെന്ന് അവകാശപ്പെടുന്ന മിന്നലാക്രമണങ്ങളെ ചൊല്ലിയുള്ള വിവാദം പുകഞ്ഞു. നിലവിൽ യുപിഎ ഭരണകാലത്ത് നടന്ന മിന്നലാക്രമണങ്ങളുടെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

ജമ്മുവിൽ പ്രവർത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് പ്രതിരോധ മന്ത്രാലയത്തില്‍ വിവാരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് യുപിഎ ഭരണകാലത്ത് നടത്തിയ മിന്നലാക്രമണങ്ങളുടെ ഒരുവിവരങ്ങളും ലഭ്യമല്ലെന്ന് മറുപടി ലഭിച്ചത്. 2004 മുതല്‍ 2014 വരെ നടന്ന മിന്നലാക്രമണങ്ങളുടെ വിവരങ്ങളാണ് രോഹിത് ചൗധരി ചോദിച്ചത്. 2016 സെപ്റ്റംബര്‍ 29ന് സെെന്യം നടത്തിയ മിന്നലാക്രമണങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ലഭ്യമെന്ന് ഡിജിഎംഒ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.