കേരളാ പോലീസിലെ പോസ്റ്റൽ വോട്ടിൽ അട്ടിമറി നടന്നു; കർശന നടപടികൾക്ക് നിർദ്ദേശം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഡിജിപി

single-img
7 May 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളാ പോലീസിലെ പോസ്റ്റൽ വോട്ടിൽ കള്ളക്കളിയും അട്ടിമറിയും നടന്നതായി ഡിജിപി ലോക്നാഥ് ബെഹ്‍റയുടെ അന്വേഷണ റിപ്പോർട്ട്. സംസ്ഥാന മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് നൽകിയ റിപ്പോർട്ടില്‍ ജനപ്രതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നുവെന്നും,
കർശന നടപടികൾക്കായി റിപ്പോർട്ട് പരിശോധിച്ച് നിർദ്ദേശം നൽകണമെന്നും ഡിജിപി ആവശ്യപ്പെടുന്നു.

പോസ്റ്റല്‍ വോട്ടില്‍ നടന്ന തിരിമാറിയെ സംബന്ധിച്ച് ഇന്‍റലിജന്‍സ് എഡിജിപി ടികെ വിനോദ് കുമാറിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയത്. സംസ്ഥാനത്തെ പോലീസ് പോസ്റ്റല്‍ വോട്ടുകളില്‍ അസോസിയേഷനുകളുടെ സ്വാധീനം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് ടി കെ വിനോദ് കുമാര്‍ ഡിജിപിക്ക് കൈമാറിയത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ പോലീസിലെ ഇടത് അനുകൂലികൾ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി. അസോസിയേഷൻ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പോലീസുകാരൻ ഒരു ചാനലില്‍ പറഞ്ഞിരുന്നു. പോലീസിലെ പോസ്റ്റല്‍ വോട്ടുകൾ തട്ടാൻ ശ്രമം നടക്കുന്നുവെന്ന് നേരത്തെ പ്രതിപക്ഷം പരാതിപ്പെട്ടിരുന്നു.