പതിനേഴ് ദിവസത്തെ ആശങ്കയ്ക്ക് വിരാമം; സുനിത ഒടുവില്‍ കൊല്ലത്ത് തിരിച്ചെത്തി

single-img
7 May 2019

വീട്ട് ജോലിക്കായി വിദേശത്തുപോയി തൊഴില്‍ തട്ടിപ്പിന് ഇരയായ സുനിത നാട്ടില്‍ തിരിച്ചെത്തി. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സുനിത ഏറെ വൈകിയാണ് കൊല്ലത്തെത്തിയത്. വിമാനത്താവളത്തില്‍ മക്കളായ സീതാലക്ഷ്മി, അനന്തു, ബന്ധുവായ സന്തോഷ് തുടങ്ങിയവരെത്തിയിരുന്നു.

സുനിത ശനിയാഴ്ചയാണ് ഒമാനിലെ ഇന്ത്യന്‍ എംബസിയിലെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തിലെത്തി. അവിടെനിന്ന് വൈകീട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തേണ്ടതായിരുന്നു. വിമാനം വൈകിയതിനാല്‍ തിരുവനന്തപുരത്തെത്താന്‍ വൈകി.

ഏറെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നതിനിടെയായിരുന്നു മാര്‍ച്ച് മൂന്നാം തിയതി മുളവന മുക്കൂട് പുത്തന്‍വിള വീട്ടില്‍ സുനിതയെ ഏജന്റ് ദുബായിലേക്ക് വീട്ടു ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയത്. പിന്നീട് അവിടെനിന്ന് ഒമാനിലേക്ക് കൂടിയ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി. തുടര്‍ന്ന് ഏപ്രില്‍ 20 മുതല്‍ സുനിതയുടെ യാതൊരു വിവരവുമില്ലായിരുന്നു.

ഇതേ തുടര്‍ന്ന് സുനിതയുടെ മക്കളായ ശ്രീലക്ഷ്മി (19)യും പ്ലസ് ടു വിദ്യാര്‍ഥിനി സീതാലക്ഷ്മിയും ഒന്‍പതാം ക്ലാസുകാരന്‍ അനന്തുവും ഒരാഴ്ച്ചയായി അമ്മയുടെ വിവരമൊന്നുമില്ലാതെ ഏറെ കഷ്ടപ്പാടിലായിരുന്നു. അമ്മയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

ദുബായില്‍ നിന്ന് സുനിതയെ ഇസ്മായേല്‍ എന്നയാള്‍ ഒമാനിലേക്ക് കൊണ്ടുപോയതായി കുട്ടികള്‍ പറയുന്നു. അവിടെ നാല് വീടുകളില്‍ ജോലി ചെയ്തു. പിന്നീട് സിറാജ് എന്നയാളുടെ ഓഫീസില്‍ തടങ്കലിലാക്കിയതായും വെള്ളവും ഭക്ഷണവും നല്‍കാതെ കഷ്ടപ്പെടുത്തുന്നതായും സുനിത മക്കളെ വിളിച്ചു പറഞ്ഞിരുന്നു.

പിന്നീട് അമ്മയുടെ ഫോണ്‍ വിളികള്‍ ഉണ്ടായിട്ടില്ലെന്നും കുട്ടികള്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടെ വാടക നല്‍കാത്തതിനാല്‍ രണ്ട് പെണ്‍മക്കളെ വീട്ടുടമസ്ഥന്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. തുടര്‍ന്ന് അധികൃതരുടെയും പ്രവാസി സംഘടനകളുടെയും ഭാഗത്തുനിന്ന് ഇടപെടലുണ്ടാവുകയായിരുന്നു. ഇതാണ് സുനിതയെ നാട്ടിലേക്ക് തിരിച്ചെത്താന്‍ സഹായിച്ചത്.