ദിലീപ് നിരപരാധി; ഡബ്ലിയുസിസിയുടെ ആവശ്യവും ഉദ്ദേശവും ദുരൂഹമാണെന്ന് ശ്രീനിവാസൻ

single-img
7 May 2019

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ച് നടന്‍ ശ്രീനിവാസന്‍ രംഗത്ത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഒന്നര കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയം. താന്‍ അറിയുന്ന ദിലീപ് ഇത്തരം കാര്യങ്ങള്‍ക്ക് ഒന്നരപൈസ പോലും ചെലവാക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു

ഡബ്ലിയുസിസിയുടെ ആവശ്യവും ഉദ്ദേശവും ദുരൂഹമാണെന്നും അത് എന്തെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.  

സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിശ്ചയിക്കുന്നത് താര-വിപണി മൂല്യമനുസരിച്ചാണ്. നയന്‍താരയ്ക്ക് കിട്ടുന്ന പ്രതിഫലം എത്ര നടന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ശ്രീനിവാസന്‍ ചോദിച്ചു.

ഒരു സംഘടനയെയും നശിപ്പിക്കാനല്ല സംസാരിക്കുന്നത്. ചില കാര്യങ്ങള്‍ക്ക് അതിര്‍ വരമ്പുകള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാട്ടുമെന്ന് കരുതുന്നില്ലെന്നാണ് ശ്രീനിവാസന്‍ മുമ്പ് പറഞ്ഞിരുന്നത്. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.