പാലാ ഉപതെരഞ്ഞെടുപ്പില്‍ ഷോണ്‍ ജോര്‍ജിനെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിക്കാനുള്ള നീക്കവുമായി പിസി ജോര്‍ജ്

single-img
7 May 2019

കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലാ സീറ്റില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പി.സി. ജോര്‍ജ് എം.എല്‍.എയുടെ മകന്‍ ഷോണ്‍ ജോര്‍ജ് മത്സരിക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് എന്‍.ഡി.എ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ആരംഭിച്ചതായാണ് വിവരം.

യുവജനപക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ഇപ്പോള്‍ ഷോണ്‍ ജോര്‍ജ്. കെ.എം.മാണിയുടെ തട്ടകമായ പാലായില്‍ യു.ഡി.എഫിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഷോണിന് കഴിയുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായ ജനപക്ഷം ഈ സീറ്റ് ചോദിച്ചു വാങ്ങാനാണ് ശ്രമിക്കുന്നത്. ജനപക്ഷത്തിന് സീറ്റ് ലഭിക്കുന്ന പക്ഷം മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാനാണ് പിസി ജോര്‍ജിന്റെ നീക്കം.

ഇതോടൊപ്പം ജനപക്ഷത്തിന്റെ നേതൃത്വത്തില്‍ അഴിച്ചുപണി നടത്താനും ജോര്‍ജ് ലക്ഷ്യമിടുന്നുവെന്നാണ് വിവരം. പിസി ജോര്‍ജിനെ ജനപക്ഷം രക്ഷാധികാരിയാക്കി മാറി മകന്‍ ഷോണ്‍ ജോര്‍ജിനെ പാര്‍ട്ടി അധ്യക്ഷനാക്കി കൊണ്ടു വരാനാണ് ജോര്‍ജിന്റെ പദ്ധതി. ഇതോടൊപ്പം ജനപക്ഷത്തിന്റെ സംസ്ഥാന നേതൃത്വത്തിലും ജില്ലാ ഘടകങ്ങളിലും തലമുറ മാറ്റം കൊണ്ടു വരും. ജനപക്ഷം പാര്‍ട്ടിയുടെ പേര് ജനപക്ഷം സെക്കുലര്‍ എന്ന് മാറ്റാനും ആലോചനയുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ജനപക്ഷം പാര്‍ട്ടി ബി.ജെ.പിയ്ക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുതന്നെയാണ് ജനപക്ഷം പാര്‍ട്ടി ചെയര്‍മാന്‍ പി.സി.ജോര്‍ജ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്.