50% വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണില്ല; പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സുപ്രീംകോടതി തള്ളി

single-img
7 May 2019

50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന പോളിംഗില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വന്ന തകരാറുകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. 21 പാര്‍ട്ടികളാണ് 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാല്‍ 50% ബൂത്തെന്നു നിശ്ചയിച്ചാല്‍ വോട്ടെണ്ണല്‍ 6 ദിവസം വരെ നീണ്ടുപോകാമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാടെടുത്തു. ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു ബൂത്തില്‍ വീതം വോട്ടുകളും രസീതുകളും ഒത്തുനോക്കാനാണ് കമ്മിഷന്‍ ആദ്യം തീരുമാനിച്ചത്. പിഴവുണ്ടോയെന്നു മനസിലാക്കാന്‍ ഇത് മതിയാവുമെന്നാണ് കമ്മിഷന്‍ വാദിച്ചത്. എന്നാല്‍ സുപ്രീംകോടതി ഇടപെടലില്‍ അത് അഞ്ചാക്കി ഉയര്‍ത്തിയിരുന്നു.

ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആറു ദേശീയ പാര്‍ട്ടികളുടെയും 15 പ്രദേശിക പാര്‍ട്ടികളുടെയും നേതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ടി.ഡി.പി.ക്ക് പുറമേ കോണ്‍ഗ്രസ്, എന്‍.സി.പി., എ.എ.പി., സി.പി.എം. സി.പി.ഐ., തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി., ആര്‍.എല്‍.ഡി., ലോക് താന്ത്രിക് ജനതാദള്‍, ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളാണ് സുപ്രീംകോടതിയിലെത്തിയത്. തിരഞ്ഞെടുത്ത മണ്ഡലങ്ങളിലെ മാത്രം വിപിപാറ്റ് സ്ലിപ്പുകള്‍ എണ്ണാനുള്ള തീരുമാനം ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ തന്നെ ലംഘിക്കുന്നതാണെന്ന് ഹര്‍ജിയില്‍ ഇവര്‍ ആരോപിച്ചിരുന്നു.