ആർ എസ് എസ് താത്വികാചാര്യൻ ആർ ഹരി കെ പി യോഹന്നാന്റെ ഏജന്റ്: ആരോപണവുമായി റെഡി ടു വെയിറ്റ് സമരഭടൻ ശങ്കു ടി ദാസ്

single-img
7 May 2019

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നു. ഇത്തവണ ചേരിതിരിഞ്ഞ് പോരടിക്കുന്നത് ഇടതുപക്ഷക്കാരും ആചാരസംരക്ഷണക്കാരും തമ്മിലല്ല, മറിച്ച് ആർ എസ് എസിലെയും സംഘപരിവാറിലേയും രണ്ടു വ്യത്യസ്തനിലപാടുകാർ തമ്മിലാണ്. ആർ എസ് എസ് താത്വികാചാര്യനായ ആർ ഹരി ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നത് ബിലീവേഴ്സ് ചർച്ച് ഉടമ കെപി യോഹന്നാന് വേണ്ടിയാണെന്ന റെഡി ടു വെയിറ്റ് ക്യാമ്പയിനിന്റെ മുന്നണിപ്പോരാളികളിലൊരാളായ ശങ്കു ടി ദാസിന്റെ ആരോപണമാണ് പുതിയ വിവാദങ്ങൾക്കാധാരം.

“മാറ്റുവിൻ ചട്ടങ്ങളേ” എന്ന പേരിൽ ആർ എസ് എസിന്റെ താത്വികാചാര്യനും മുൻ ബൌദ്ധിക് പ്രമുഖുമായിരുന്ന ആർ ഹരി എഴുതിയ പുസ്തകമാണ് സംഘപരിവാറുകാരെ ഇരുചേരിയിൽ അണിനിരത്തിയത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നതടക്കമുള്ള തന്റെ ആശയങ്ങളാണ് ആർ ഹരി ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്.

ആർ ഹരിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അഭിഭാഷകൻ കൂടിയായ ശങ്കു ടി ദാസ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് തുടക്കം.
സ്വയം സേവകർക്ക് ആർ. ഹരി എന്നാൽ സംഘത്തിന്റെ മുതിർന്ന പ്രചാരകനും മുൻ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖും ആരാധ്യനായ സംഘ ഋഷിയും ഒക്കെ ആണെന്നത് മനസിലാക്കുന്നെങ്കിലും
അത്തരം പരിഗണനകൾ സ്വയം സേവകർക്ക് മാത്രം ബാധകമായതാണ് എന്ന് അവരും മനസ്സിലാക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ആർഎസ്എസ് അംഗമല്ലാത്ത ശങ്കു ടി ദാസിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

ശബരിമലയിൽ സ്ത്രീ പ്രവേശനം എന്ന ആശയം കെപി യോഹന്നാന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ചില ദുരൂഹമായ ഇടപാടുകൾക്കാണെന്ന സംഘപരിവാർ വാദം ആവർത്തിക്കുകയും ചെയ്യുന്നുണ്ട് ശങ്കു ടി ദാസ്. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസിൽ യോഹന്നാന്റെ അഭിഭാഷകനായിരുന്ന രംഗ ധനഞ്ജയ ഷേണായ് ആർ ഹരിയുടെ സഹോദരനാണെന്നാണ് ശങ്കുവിന്റെ ആരോപണം.

“ കെ.പി. യോഹന്നാന്റെ ചെറുവള്ളി എസ്റ്റേറ്റും അവിടെ കൊണ്ടുവരാൻ ശ്രമിക്കുന്ന വിമാനത്താവളവും ശബരിമലയിലെ യുവതീ പ്രവേശന വിവാദവും തമ്മിലുള്ള ബന്ധത്തെ പറ്റി വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ.
സർക്കാരിന് അവകാശപ്പെട്ട പ്ലാന്റേഷൻ ഭൂമി വ്യാജരേഖ നിർമ്മിച്ച് കെ.പി. യോഹന്നാന്റെ ‘ഗോസ്പൽ ഫോർ ഏഷ്യ’ എന്ന സുവിശേഷ സംഘടന 2005ൽ കൈവശപ്പെടുത്തിയതാണ് ചെറുവള്ളി എസ്റ്റേറ്റ് എന്ന് കാണിച്ചു കേരള ഹൈക്കോടതിയിൽ 2007 മുതൽ 2010 വരെ ആറ് റിട്ടുകൾ വരികയും ബഹുമാനപ്പെട്ട കോടതി 2011 ജൂൺ 30ന് ഒരൊറ്റ വിധിയിലൂടെ ഇവയെല്ലാം ഒന്നിച്ചു തീർപ്പാക്കുകയും ചെയ്തിരുന്നു. കേസിന്റെയോ വിധിയുടെയോ സാങ്കേതികതകളിലേക്ക് കടക്കുന്നില്ല. പക്ഷെ ആ വിധി പരിശോധിച്ചാൽ കൗതുകകരമായ ഒരു കാര്യം കാണാം.
കേസിൽ കെ.പി യോഹന്നാന് വേണ്ടി ഹാജർ ആയിരുന്നത് ആർ.ഡി. ഷേണായ് എന്ന അഭിഭാഷകൻ ആയിരുന്നു എന്നതാണത്. ഈ പറയുന്ന ആർ.ഡി. ഷേണായ് എന്ന രംഗ ധനഞ്ജയ് ഷേണായ് ആർ. ഹരി എന്ന രംഗ ഹരി ഷേണായുടെ നേർ സഹോദരനാണ്. ”

ശങ്കു ടി ദാസ് ആരോപിക്കുന്നു.

ആർ. ഹരിയുടെ അനിയൻ ആണ് കെ.പി. യോഹന്നാന്റെ വക്കീൽ എന്നറിഞ്ഞ ശേഷവും ശബരിമല 365 ദിവസവും നട തുറക്കുന്ന, എല്ലാ ദിവസവും എല്ലാവർക്കും വരാവുന്ന, വിദേശത്തു നിന്നുൾപ്പെടെയുള്ള സന്ദർശക തിരക്ക് കാരണം ഒരു വിമാനത്താവളം ഒക്കെ അധികം ദൂരെയല്ലാതെ ആവശ്യമായി വരുന്നൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കാൻ ടിയാൻ നടത്തുന്ന പരിശ്രമങ്ങളെ സദ്ദുദ്ദേശപരവും നവോത്ഥാന ദാഹം മൂലവും ആയിരിക്കുമെന്ന് കരുതാൻ കഴിയില്ലെന്നാണ് ശങ്കുവിന്റെ ആരോപണം.

കേരളീയ താന്ത്രിക പദ്ധതിയിൽ യാതൊരു വിശ്വാസവുമില്ലാത്ത മാധവ ദ്വൈതിയും വൈഷ്ണവ സമ്പ്രദായിയുമായ ഗൗഡ സാരസ്വത ബ്രാഹ്മണനാണ് ആർ ഹരിയെന്നും ശങ്കു ടി ദാസ് ആരോപിക്കുന്നു.

ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയാചാര്യൻ ആയ കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീർത്ഥയാണ് അയ്യപ്പൻ ദൈവമല്ലെന്നും, കറുത്ത വസ്ത്രം ധരിച്ചു മാലയിട്ട് ശരണം വിളിച്ചു ക്ഷേത്രത്തിൽ പോവുന്നത് നമ്മുടെ സമ്പ്രദായം അല്ലെന്നും, അയ്യപ്പന് കൊടുക്കുന്നതിനു പകരം തിരുമലയിൽ പോയി ആ നെയ്യ് നിങ്ങൾ വെങ്കിട്ടരമണന് കൊടുക്കണമെന്നും മറ്റും സമുദായ അംഗങ്ങളോട് പരസ്യമായി പറഞ്ഞത്.
“നമ്മുടെ സമുദായത്തിന് പറഞ്ഞിട്ടുള്ളതല്ല, നമ്മുടെ സമ്പ്രദായം” അല്ല എന്നാണ് അദ്ദേഹം ആ വീഡിയോയിൽ ഉടനീളം ആവർത്തിച്ചത്.
ആർ. ഹരി ആവട്ടെ തന്റെ ജി.എസ്.ബി സ്വത്വം മുറുകെ പിടിക്കുന്നയാളും, 16ആം നൂറ്റാണ്ടിലെ പോർച്ചുഗീസ് അധിനിവേശത്തിൽ എല്ലാം നഷ്ടപ്പെട്ട് കേരളത്തിലേക്ക് പലായനം ചെയ്യേണ്ടി വന്ന തന്റെ സമുദായത്തെ പറ്റി ‘വിസ്താപനാച്ചി കഥ’ എന്ന ഹൃദയഭേദകമായ കവിത കൊങ്കിണി ഭാഷയിൽ എഴുതിയ ആളുമാണ്.
അങ്ങനെ നോക്കുമ്പോൾ ശബരിമലയുടെ കാര്യത്തിൽ ആർ. ഹരിക്ക് സാമുദായികമായ താല്പര്യ വൈരുദ്ധ്യവും ഉണ്ടെന്ന് അനുമാനിക്കേണ്ടി വരും.

ശങ്കു പറയുന്നു.

ശങ്കുവിന്റെ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ജനം ടിവിയുടെ പ്രോഗ്രാം ഹെഡ് ആയ മനോജ് മനയിൽ അടക്കം നിരവധി ആർഎസ്എസ് സഹയാത്രികർ ശങ്കുവിനെതിരായും പദ്മാ പിള്ളയടക്കമുള്ള “റെഡി ടു വെയിറ്റ്” അനുകൂലികൾ ശങ്കുവിനനുകൂലമായും അണിനിരന്നതോടെ ഫെയ്സ്ബുക്കിൽ സംഘപരിവാർ അനുകൂലികൾ തമ്മിലുള്ള ചേരിപ്പോരിനു വഴിതുറന്നിരിക്കുകയാണ്. ഓൺലൈൻ പോര് മൂർച്ഛിച്ച് പരസ്പരം അസഭ്യവർഷവും ഭീഷണിയും മുഴക്കുന്ന നിലവാരത്തിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.