റിയാസ് അബൂബക്കർ കൊടുങ്ങല്ലൂരിലെ ഒരു പെയിൻ്റ് കടയിൽ ജോലി ചെയ്‌തിരുന്നു; പിരിച്ചുവിട്ടതിൻ്റെ കാരണം വെളിപ്പെടുത്തി കടയുടമ

single-img
7 May 2019

ശ്രീലങ്കയിലെ സ്ഫോടനത്തെ തുടർന്ന് അറസ്റ്റിലായ റിയാസ് അബൂബക്കർ കൊടുങ്ങല്ലൂരിലെ ഒരു പെയിന്റ് കടയിൽ ജോലി ചെയ്‌തിരുന്നതായി വെളിപ്പെടുത്തൽ. കഴിഞ്ഞ ജൂലായ് 15 മുതൽ 21 വരെയാണ് ഇയാൾ ഇവിടെ ജോലി ചെയ്‌തത്. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പിരിച്ച് വിടുകയായിരുന്നുവെന്നും കൊടുങ്ങല്ലൂരിലെ കടയുടമ വെളിപ്പെടുത്തുന്നു.

റിയാസ് സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. പിരിച്ചുവിട്ടതിനു ശേഷം കുറച്ച് ദിവസങ്ങൾ അത്തർ കച്ചവടക്കാരനായി ഇയാൾ കൊടുങ്ങല്ലൂരിൽ തുടർന്നതായും വിവരമുണ്ട്.

അതേസമയം, റിയാസ് അബൂബക്കറിനെ ഇന്നലെ കോടതി എൻ.ഐ.എ കസ്‌റ്റഡിയിൽ വിട്ടു. റിയാസിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളുടെ സ്വഭാവവും കസ്റ്റഡി അപേക്ഷയിലെ വസ്തുതകളും പരിഗണിക്കുമ്പോൾ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി. മേയ് പത്തിന് വൈകിട്ട് മൂന്നു വരെയാണ് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടത്.

പ്രതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കരുത്, പ്രതിക്ക് വക്കീലുമായി ബന്ധപ്പെടാൻ അവസരം നൽകണം എന്നീ നിർദ്ദേശങ്ങളും കോടതി നൽകി. കാസർകോടു നിന്ന് യുവാക്കൾ ഐസിസിൽ ചേരാൻ നാടുവിട്ട കേസിലാണ് റിയാസിനെയും പ്രതി ചേർത്തത്.സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടന്നവരുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് കണ്ടെത്തിയിരുന്നു.