രണ്ടിടത്തും ജയിച്ചാൽ രാഹുൽ വയനാട് നിലനിർത്തി അമേഠി ഉപേക്ഷിക്കും; അമേഠിയിലെ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക സ്ഥാനാർത്ഥിയാകും

single-img
7 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലും വയനാട്ടിലും മത്സരിക്കുന്ന രാഹുൽ ഗാന്ധി രണ്ടിടത്തും ജയിച്ചാല്‍ ഒരെണ്ണം ഉപേക്ഷിക്കുമെന്നും ആ ഉപേക്ഷിക്കുന്ന സീറ്റ് അമേഠിയാണെന്നും റിപ്പോർട്ടുകൾ. അമേഠി ലോക്സഭാ സീറ്റ് സഹോദരി പ്രിയങ്കയ്ക്കായി നല്‍കുമെന്നും സൂചനകളുണ്ട്. അതുകൊണ്ടാണ് പ്രിയങ്ക വാരണാസിയിൽ മത്സരിക്കാത്തതെന്നും വിലയിരുത്തലുകളുണ്ട്.

അമേഠി പ്രിയങ്കയ്ക്ക് നല്‍കാന്‍ തത്വത്തില്‍ ധാരണയായെന്നാണ് സൂചസനകൾ. യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ പ്രിയങ്ക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ തന്നെ മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രിയങ്ക അറിയിച്ചിരുന്നെങ്കിലൂം മോദിക്കെതിരേ പ്രിയങ്കയെ ചാവേറാക്കേണ്ട എന്നായിരുന്നു നേതൃത്വം തീരുമാനമെടുത്തത്. പ്രിയങ്കയെ അമേഠിയിൽ മത്സരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു പ്രസ്തുത തീരുമാനമെന്നും പറയപ്പെടുന്നു.

മത്സരിക്കാനായി രാഹുല്‍ പതിവ് മണ്ഡലമായ അമേഠിയ്ക്ക് പുറമേ വയനാട് കൂടി തെരഞ്ഞെടുത്തപ്പോള്‍ ചിരിച്ചവരും പരിഹസിച്ചവരും ഏറെയാണ്. പാര്‍ലമെന്റ് പ്രവേശനം ഉറപ്പാക്കാന്‍ രാഹുല്‍ സുരക്ഷിത താവളം തേടി ഓടിയെന്നായിരുന്നു ബിജെപിയുടെ പരിഹാസം. എന്നാല്‍ രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തി സ്ഥിര മണ്ഡലമായ അമേഠി പ്രിയങ്കയ്ക്കു കൈമാറുമെന്നാണ് സൂചനകൾ.

മാത്രമല്ല അമേഠിയിൽ രാഹുലിൻ്റെ നിലയും അത്ര സുരക്ഷിതമല്ലായെന്ന ഭയവും ഉയരുന്നുണ്ട്. 2004 ല്‍ അമേഠിയില്‍ നിന്ന് രാഹുല്‍ ലോക്‌സഭയിലേക്ക് എത്തിയത് മൂന്ന് ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിലായിരുന്നു. 2009 ല്‍ ഭൂരിപക്ഷം മൂന്നരലക്ഷം കടന്നു. എന്നാല്‍ 2014 ല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി ശക്തമായ മത്സരമാണ് കാഴ്ച വെച്ചതോടെ ഭൂരിപക്ഷം ഒരു ലക്ഷമായി കുറഞ്ഞു. ബിജെപി ശക്തമായി മുന്നേറുകയും ബിഎസ്പിയും എസ്പിയും പോലെയുള്ള പ്രാദേശിക പാര്‍ട്ടികളുടെ സ്വാധീനവും കോൺഗ്രസിൻ്റ നില പരുങ്ങലിലാക്കിയിട്ടുണ്ട്.