ലഹരി പാര്‍ട്ടിക്കിടെ കൂട്ട അറസ്റ്റ്: മലയാളികളടക്കം 175 കോളേജ് വിദ്യാര്‍ത്ഥികള്‍ പിടിയിലായി

single-img
7 May 2019

മഹാബലിപുരത്തെ ഇസിആര്‍ റോഡില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടിക്കിടെ കൂട്ട അറസ്റ്റ്. ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും പരിചയപ്പെട്ട് ഒത്തുകൂടിയ മലയാളികളടക്കം തമിഴ്‌നാട്ടിലെ വിവിധ കോളേജുകളിലെ 175 വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.

റിസോര്‍ട്ടിന്റെ നടത്തിപ്പുകാരായ പന്ത്രണ്ട് പേരെയും അറസ്റ്റ് ചെയ്തു. നാല് സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം റിസോര്‍ട്ട് പൂട്ടി സീല്‍ ചെയ്തു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു പരിശോധന. മദ്യവും നാലരക്കിലോ കഞ്ചാവും ലഹരിഗുളികകളും കൊക്കെയ്‌നും അടക്കം പിടിച്ചെടുത്തു.

ഒറ്റപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ റിസോര്‍ട്ടില്‍ ഇത്തരം പാര്‍ട്ടികള്‍ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആഡംബര കാറുകളിലും ബൈക്കുകളിലുമായാണ് ഇവര്‍ ലഹരി പാര്‍ട്ടിക്ക് എത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് പൊള്ളാച്ചിയിലെ സേത്തുമടയിലെ റിസോര്‍ട്ടില്‍ നിന്നും മലയാളികള്‍ ഉള്‍പ്പടെ 165 പേരെ പൊലീസ് പിടികൂടിയിരുന്നു.