പനീര്‍ശെല്‍വം ബിജെപിയിലേക്ക് ?

single-img
7 May 2019

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തം. വാരണാസിയില്‍ നേരന്ദ്രമോദിക്ക് പിന്തുണ അറിയിച്ച് എത്തിയ ഒ പനീര്‍ശെല്‍വം ചില കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചാണ് തമിഴകത്തേക്ക് മടങ്ങിയതെന്നാണ് വാദം.

നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 22 സീറ്റുകളിലും നാല് മണ്ഡലങ്ങളിലും ഈ വിഷയം ഉന്നയിച്ചാണ് ടിടിവി ദിനകരന്റെയും സ്റ്റാലിന്റെയും പ്രചാരണം. അതേസമയം, താന്‍ ബിജെപിയിലേക്കില്ലെന്നും മരണം വരെ എഐഎഡിഎംകെയുടെ കൂടെയായിരിക്കുമെന്നും ഒപിഎസ് പറഞ്ഞു.

തേനി മണ്ഡലത്തില്‍ മകന്‍ രവീന്ദ്രനാഥായിരുന്നു എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. തേനിയില്‍ പരാജയപ്പെട്ടാല്‍ മകന് വേണ്ടി സുരക്ഷിത സ്ഥാനം തേടിയാണ് ഒപിഎസ് വാരണാസി യാത്ര നടത്തിയതെന്നാണ് ഡിഎംകെ വാദം. രണ്ടില ചിഹ്നത്തിനൊപ്പം കാവിക്കൊടിയും കോര്‍ത്ത് കെട്ടിയ ഒപിഎസ് ഗവര്‍ണര്‍ പദവി ചോദിച്ച് ഉറപ്പാക്കിയെന്ന് അമ്മ മുന്നേറ്റ കഴകം അരോപിക്കുന്നു.

22 സീറ്റുകളില്‍ 11 ഇടത്തെ വിജയം എടപ്പാടി സര്‍ക്കാറിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. 234 അംഗ സഭയില്‍ 114 പേരുടെ ഭൂരിപക്ഷമാണ് സര്‍ക്കാരിനുള്ളത്. ഇതില്‍ ദിനകരനോട് അനുഭാവം പുലര്‍ത്തുന്നവരടക്കം ആറ് പേര്‍ ആടിനില്‍ക്കുന്നു. ഇവരെ അയോഗ്യരാക്കി അംഗസംഖ്യ കുറയ്ക്കാനുള്ള നീക്കം സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ മെയ് 23 ഇപിഎസ് ഒപിഎസ് നേതൃത്വത്തിന് അഗ്‌നിപരീക്ഷയാകും.

22 സീറ്റുകളും തൂത്തുവാരി ഡിഎംകെ അധികാരത്തിലേറുമെന്നാണ് സ്റ്റാലിന്റെ അവകാശവാദം. വോട്ട് ചോര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന ദിനകരന്റെ നീക്കവും ചങ്കിടിപ്പോടെയാണ് അണ്ണാ ഡിഎംകെ നേതൃത്വം വീക്ഷിക്കുന്നത്.