കൊടുംകാട്ടിനുള്ളില്‍ കടന്ന് കുപ്രസിദ്ധ കൊള്ളക്കാരനെ അറസ്റ്റ് ചെയ്ത് നാല് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍

single-img
7 May 2019

ഗുജറാത്തിലെ കുപ്രസിദ്ധ കൊളളക്കാരനായ ജുസാബ് അല്ലാരാഖാ സാന്ദിനെ ഒളിച്ചിരുന്ന കാട്ടിനുള്ളില്‍ കടന്ന് അറസ്റ്റ് ചെയ്ത് നാല് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍. ബോട്ടാഡ് ജില്ലയിലെ വനത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ സന്തോക് ഒഡേഡാര, നിത്മിക ഗോഹില്‍, അരുണ ഗമേതി, ശകുന്തള മാല്‍ എന്നിവരാണ് ജുസാബിനെ പിടികൂടാനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കിയത്. പ്രാദേശിക പൊലീസ് പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട ദൗത്യമാണ് ഇവര്‍ വിജയിപ്പിച്ചത്.

കൊലപാകം, മോഷണം, തട്ടിക്കൊണ്ടു പോകല്‍ എന്നിങ്ങനെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ജുസാബ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പരോളില്‍ ഇറങ്ങിയ ശേഷം പൊലീസിനെ കബളിപ്പിച്ച് കാട്ടില്‍ ഒളിച്ചു കഴിയുകയായിരുന്നു. ജുസാബ് ബോട്ടാഡിലെ ഒരു പ്രദേശത്ത് കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു നീക്കം.

എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള വനത്തില്‍ ഇയാള്‍ ഒളിത്താവളങ്ങള്‍ പലതവണ മാറ്റിയിരുന്നതായും ദൗത്യസേനയിലെ അംഗങ്ങള്‍ പറയുന്നു. ശനിയാഴ്ച രാത്രിയോടെയാണ് ദൗത്യസേന കാട്ടില്‍ പ്രവേശിച്ചത്. ജുസാബിന്റെ പക്കല്‍ തോക്കുണ്ടായിരുന്നു. മുന്‍പ് പൊലീസ് സംഘത്തിന് നേരെ ഇയാള്‍ വെടിവച്ചിരുന്നു.

അതുകൊണ്ട് പുലര്‍ച്ചയോടെയാണ് ദൗത്യസേന ഇയാളുടെ താവളം വളഞ്ഞത്. ഇതിന് പിന്നാലെ തോക്കുമായി താത്കാലിക ഷെഡ്ഡിലെത്തി സാഹസികമായി ജുസാബിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഭീതി വിതച്ച കൊള്ളക്കാരനെ ധീരമായി കീഴ്‌പ്പെടുത്തിയ ദൗത്യസേനയ്ക്ക് എങ്ങും അഭിനന്ദനപ്രവാഹമാണ്. സൈബര്‍ ലോകത്തും ഈ ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു.