കേരളത്തിലെ ദേശിയ പാതാ വികസനത്തിന് മുന്‍ഗണന നൽകണം; ശ്രീധരന്‍പിള്ളയെ തള്ളി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിക്ക് കണ്ണന്താനത്തിന്റെ കത്ത്

single-img
7 May 2019

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരന്‍പിള്ളയെ തള്ളി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. സംസ്ഥാനത്തിന്റെ ദേശിയ പാതാ വികസനത്തിന് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണന്താനം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് കത്ത് നല്‍കി. കേരളത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി കത്തെഴുതിയ ശ്രീധരന്‍പിള്ളക്കെതിരെ ബിജെപിക്കുള്ളില്‍ തര്‍ക്കം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കത്ത്.

കാസർകോട് ജില്ലയിൽ ഒഴികെ ദേശീയപാതാ സ്ഥലം ഏറ്റെടുപ്പ് നിർത്തി വയ്ക്കണമെന്ന ശ്രീധരൻ പിള്ളയുടെ നിലപാട് വിവാദമായ സാഹചര്യത്തിലാണ് എതിര്‍പ്പ് രേഖപ്പെടുത്തി കണ്ണന്താനത്തിന്റെ കത്ത്. കണ്ണന്താനം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി
നിതിന്‍ ഗഡ്കരിക്ക് നല്‍കിയ കത്തില്‍ കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള ദേശിയ പാതാ വികസനത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെടുന്നു. കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയുടെ ലെറ്റര്‍ പാഡിലാണ് കത്ത് എഴുതിയിട്ടുള്ളത്.

മുൻപ് ശ്രീധരന്‍പിള്ളയുടെ ആവിശ്യപ്രകാരം കേരളത്തിലെ ദേശിയപാതാ വികസനം നിറുത്തി വച്ച കേന്ദ്ര സര്‍ക്കാര്‍ പ്രയോര്‍ട്ടി രണ്ടിലേയ്ക്ക് കേരളത്തെ മാറ്റിയിരുന്നു. കേരളാ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് അല്‍ഫോന്‍സ് കണ്ണന്താനം നിതിന്‍ ഗഡ്കരിയ്ക്ക് കത്ത് നല്‍കിയത്.