കാലാവധി തീര്‍ന്ന പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല; മോദിക്ക് മറുപടിയുമായി മമത ബാനർജി

single-img
7 May 2019

കാലാവധി തീര്‍ന്ന പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി.:ഫോനി ചുഴലിക്കാറ്റില്‍ സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ ആരായാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് മറുപടിയായാണ് മമത ഇക്കാര്യം പറഞ്ഞത്.

തെരഞ്ഞെടുപ്പ് റാലിയുടെ തിരക്കിലായിരുന്നതുകൊണ്ടാണ് മോദിയുടെ ഫോണ്‍ എടുക്കാതിരുന്നത് എന്നായിരുന്നു കഴിഞ്ഞദിവസം മമതയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ നിലപാട് കടുപ്പിച്ച് മമത വീണ്ടും രംഗത്തുവന്നത്.

പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് മോദി മമതയ്‌ക്കെതിരെ തിരിഞ്ഞത്.  ഫോനി ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നാണ് കഴിഞ്ഞദിവസം മോദി പ്രതികരിച്ചത്. ചുഴലിക്കാറ്റില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രണ്ടുതവണ മമതയെ വിളിച്ചു. എന്നാല്‍ മമത പ്രതികരിച്ചില്ല. അവര്‍ക്ക് ധാര്‍ഷ്ട്യമാണെന്നും മോദി പറഞ്ഞു.

അവരുടെ ഫോണ്‍വിളിക്കായികാത്തിരുന്നു എന്നു പറഞ്ഞ മോദിക്ക് മറുപടിയായി താന്‍ തെരഞ്ഞെടുപ്പ് റാലിയുടെ തിരക്കിലായിരുന്നു എന്ന മറുപടി മമത നല്‍കിയത്. താന്‍ എന്തിന് മോദിയുടെ കോള്‍ എടുക്കണമെന്ന ചോദ്യമാണ് മമത ഉന്നയിച്ചത്.

മമതയുടെ പ്രതികരണം വലിയ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് വീണ്ടും മോദിക്കെതിരെ മമത രംഗത്തുവന്നത്. കാലാവധി തീര്‍ന്ന പ്രധാനമന്ത്രിയുമായി വേദി പങ്കിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മമത വ്യക്തമാക്കി.