കോഹ്‌ലിയും ഉമേഷ് യാദവും ചൂടായി: വാതില്‍ ചവിട്ടിപ്പൊളിച്ച് അമ്പയര്‍ നീല്‍ ലോംഗ്

single-img
7 May 2019

കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനു ശേഷമാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. മത്സരം നിയന്ത്രിച്ചിരുന്ന അമ്പയര്‍ നീല്‍ ലോംഗ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ അമ്പയര്‍മാരുടെ മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു.

അധികൃതര്‍ ഇക്കാര്യം മാച്ച് റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ലോംഗ് 5000 രൂപ പിഴയടക്കുകയും ചെയ്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഗ്രൗണ്ടില്‍ ഉമേഷ് യാദവും ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയും ചൂടായതിന്റെ അരിശമാണ് നീല്‍ ലോംഗ് അമ്പയര്‍മാരുടെ മുറിയുടെ വാതിലില്‍ പ്രകടിപ്പിച്ചത്.

മത്സരത്തിലെ അവസാന ഓവര്‍ എറിഞ്ഞ ഉമേഷ് യാദവിനെ ലോംഗ്, ഓവര്‍ സ്റ്റെപ്പ് നോ ബോള്‍ വിളിച്ചിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ റീപ്ലേ കാണിച്ചപ്പോള്‍ ഉമേഷ് ഓവര്‍ സ്റ്റെപ്പ് ചെയ്തില്ലെന്ന് വ്യക്തമായി. ഇതോടെ അമ്പയര്‍ക്ക് സമീപമെത്തി ഉമേഷും കോലിയും തര്‍ക്കിച്ചു.

എന്നാല്‍ ഇവരോട് ദേഷ്യത്തോടെ പ്രതികരിച്ച ലോംഗ് നോ ബോള്‍ വിളിച്ച തീരുമാനം പിന്‍വലിച്ചില്ല. ഇതിനുശേഷം മത്സരം പൂര്‍ത്തിയാക്കി അമ്പയര്‍ റൂമിലെത്തിയപ്പോഴാണ് ലോംഗ് അരിശത്തോടെ വാതില്‍ ചവിട്ടിപ്പൊളിച്ചത്. അതേസമയം സംഭവം ബിസിസിഐ ഇടക്കാല ഭരണസിമിതിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.