സുരേഷ് കല്ലടക്കും ജീവനക്കാര്‍ക്കും വീണ്ടും ‘കുരുക്ക്’

single-img
7 May 2019

കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് ഉടമ കല്ലട സുരേഷിനും രണ്ട് ഡ്രൈവര്‍മാര്‍ക്കും എറണാകുളം ആര്‍ടിഒ നോട്ടീസ് നല്‍കി. അഞ്ച് ദിവസത്തിനകം തെളിവെടുപ്പിന് ഹാജരാകാനാണ് നിര്‍ദ്ദേശം. ഹരിപ്പാട് വരെ ഓടിയ ബസ്സിന്റെ ഡ്രൈവറും തുടര്‍ന്ന് വൈറ്റില വരെ യാത്രക്കാരെ എത്തിച്ച രണ്ടാമത്തെ ബസ്സിന്റെ ഡ്രൈവറും ഹാജരാകണം.

എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ മുന്നിലാണ് തെളിവെടുപ്പിനായി ഹാജരാകേണ്ടത്. കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടിക്ക് ഇന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എറണാകുളം ആര്‍ടിഒയുടെ നടപടി.

സുരേഷ് കല്ലടക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പ്രതികളെ ചോദ്യം ചെയ്യുമെന്നും നേരത്തെ തൃക്കാക്കര എസ്.പി പറഞ്ഞിരുന്നു. കല്ലട ബസില്‍ വച്ചുണ്ടായ സംഭവത്തിന് ശേഷം ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് പരിശോധന നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധിച്ച് മലബാറില്‍ അന്തര്‍ സംസ്ഥാന ബസുകള്‍ പണിമുടക്കിയിരുന്നു.

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി 168 ബസുകളില്‍ പരിശോധന നടത്തുകയും പെര്‍മിറ്റ് ലംഘനം നടത്തിയ വാഹനങ്ങളില്‍ നിന്നും 5,05,000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. 43 ട്രാവല്‍സ് ഏജന്‍സികള്‍ക്കും നോട്ടീസ് നല്‍കിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കല്ലടയുടെ ഇരുപത് ബസുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.