കടയിൽ വെയില്‍ മറയ്ക്കുന്നതിന് ചണച്ചാക്ക് വലിച്ചുകെട്ടിയത് ഇരുമ്പ് കമ്പിയിൽ; ബസിൽ യാത്രചെയ്ത യുവതിയുടെ കണ്ണിലേയ്ക്ക് കമ്പി തുളച്ചുകയറി ഗുരുതര പരിക്ക്

single-img
7 May 2019

കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത യുവതിയുടെ കണ്ണിലേയ്ക്ക് കടയുടെ മുൻപിൽ വെയിൽ മറയ്ക്കാൻ ഉപയോഗിച്ച ഇരുമ്പുകമ്പി തുളച്ചുകയറി. ഇടതു വശത്തെ കണ്ണിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂരിൽ ഐറ്റി ഐയ്ക്ക് സമീപം അങ്ങാടിക്കല്‍ കുമ്പിള്‍ നില്‍ക്കുന്നതില്‍ ജോയിയുടെ മകള്‍ അഞ്ജുവിനാണ് പരിക്കേറ്റത്.

കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന അടൂര്‍ ഡിപ്പോയിലെ ആര്‍എസ് സി 487 നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ സൈഡിലേക്കാണ് ഇരുമ്പ് കമ്പി കയറിയത്. ചങ്ങനാശേരിയിലുള്ള സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയിലെ നഴ്‌സായ യുവതി ജോലി കഴിഞ്ഞ്‌ചെങ്ങന്നൂരിലെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു.

എംസി റോഡില്‍ കെഎസ് ആര്‍ ടി സി സ്റ്റാൻഡിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയോട് ചേര്‍ന്ന ബേക്കറിയുടെ മുൻപിൽ ഇറക്കി കെട്ടിയിരുന്ന റോഡിലേയ്ക്ക് നീണ്ടു നിന്ന കമ്പിയാണ് യുവതിയുടെ കണ്ണിലേയ്ക്ക് തുളച്ചു കയറിയത്. 8 അടിയോളം വരുന്ന കമ്പിയില്‍ വെയില്‍ മറയ്ക്കുന്നതിന് ചണച്ചാക്ക് വലിച്ചുകെട്ടിയിരിക്കുകയായിരുന്നു.

വീതി കുറഞ്ഞതും തിരക്കുള്ളതുമായ റോഡില്‍ എതിരേ വന്ന വാഹനങ്ങള്‍ക്ക് ബസ് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം. അപകടമുണ്ടായതിന് പിന്നാലെ നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.