1985 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുപിയിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വിമാനം പരിശോധിച്ച മുന്‍ ഡിജിപി അനുഭവം പങ്കുവെക്കുന്നു

single-img
7 May 2019

ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഡീഷയിലെ തെരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയില്‍ ഇരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചെന്ന കുറ്റം ചുമത്തി മുഹമ്മദ് മുഹസിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. സമ്പല്‍പൂരിലായിരുന്നു സംഭവം. സൈനിക വിഭാഗത്തിന്റെ പ്രത്യേക സുരക്ഷ ലഭിക്കുന്നവരെ പരിശോധിക്കാന്‍ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചെന്ന പേരിലാണ് 1996 ബാച്ചിലെ കര്‍ണാടക കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുന്നത്.

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പിന്നീട് സസ്‌പെന്‍ഷന്‍ തടഞ്ഞുവെച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത് തള്ളിക്കളയുകയും മുഹസിനെതിരെ കേസെടുക്കുകയും ചെയ്തു. ഇദ്ദേഹത്തിനുണ്ടായ അനുഭവം എ എല്‍ ബാനര്‍ജിയുടേതുമായി ചേര്‍ത്തുവെക്കാവുന്നതാണ്. യുപിയിലെ ഖരക്പൂരില്‍ സൂപ്രണ്ട് ഓഫ് പൊലീസ് സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരിക്കെയാണ് 1985 ഫെബ്രുവരിയില്‍ അദ്ദേഹം പ്രധാനമന്ത്രി രാജീവ് ഗാന്ധി യുപിയിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വിമാനം പരിശോധിക്കാനിടയാവുന്നത്. എങ്കിലും അദ്ദേഹം ഉത്തര്‍പ്രദേശ് ഡിജിപിയായിത്തന്നെ ജോലിയില്‍ നിന്ന് വിരമിക്കുകയായിരുന്നു.

എ എല്‍ ബാനര്‍ജി ഐപി എസ് തന്റെ അനുഭവം പങ്കുവെക്കുന്നു:

1985ലെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് യുപിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആ സമയത് ഞാന്‍ ഖരക്പൂറില്‍ പോലീസ് സൂപ്രണ്ടായി നിയമിക്കപ്പെടുന്നത്. ബിബിസി ‘വൈല്‍ഡ് വെസ്റ്റ്’ എന്ന് വിശേഷിപ്പിച്ച സ്ഥലമാണത്. പരിശീലനകാലം ഉൾപ്പെടെ കഷ്ടിച്ച് 5 വര്‍ഷം ഞാനവിടെയുണ്ടായിരുന്നു.

ഭരണതലത്തിൽ മൂന്ന് എംപിമാരും 15 എംഎല്‍എമാരും സ്വന്തമായുണ്ടായിരുന്ന മണ്ഡലമായിരുന്നു ഖരക്പൂര്‍.

ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സമയത്തും മറ്റും പോലീസ് സേനയുടെ നേതൃത്വത്തിലുള്ള പരിശീലന പ്രവര്‍ത്തനങ്ങള്‍ വലിയൊരു അനുഭവമായിരുന്നു. 1982 ൽ നടന്ന ഗ്രാമസഭ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാന്‍ അതെന്നെ സഹായിച്ചു.

അതിനാൽതന്നെ പോലീസ് സുരക്ഷാസേനയെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയെന്നത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യമായിരുന്നില്ല. 1984 ഡിസംബറിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തെ സേവനത്തിലൂടെ വിശിഷ്ട വ്യക്തികളെ കൈകാര്യം ചെയ്യാനും, ക്രമസമാധാന പാലനം നടത്താനും തെരഞ്ഞെടുപ്പ് സംബന്ധിയായ മറ്റു കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും ഞാന്‍ പഠിച്ചിരുന്നു. പക്ഷെ പ്രധാനമന്ത്രിയെപ്പോലെ അതിവിശിഷ്ട വ്യക്തികളെ സംരക്ഷിക്കേണ്ട അവസരം എനിക്ക് ലഭിച്ചിരുന്നില്ല.

പതിവായുള്ള മറ്റുള്ള അതിഥികളെ പരിപാലിക്കുന്നതില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ് പ്രധാനമന്ത്രിയെപ്പോലെ വിശിഷ്ട വ്യക്തികളെ പരിപാലിക്കുന്ന വിധം. എന്റെ ഭാഗ്യമെന്ന് പറയട്ടെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി ഖരക്പൂറില്‍ സന്ദര്‍ശനം ആഹ്വാനം ചെയ്തിരുന്നു. പ്രോട്ടോക്കോൾ അനുസരിച്ചാണ് തെരഞ്ഞെടുപ്പ് സമയത്ത് വിശിഷ്ട വ്യക്തികളുടെ സന്ദര്‍ശനം ക്രമീകരിക്കുക. അതിനാൽ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനാണ് ഏറ്റവും പ്രാധാന്യം.

അദ്ദേഹത്തിനായി വലിയ സുരക്ഷാ സന്നാഹങ്ങളും മറ്റും ഒരുക്കിയിട്ടുണ്ടാവും. യാതൊരു തരത്തിലുള്ള തടസങ്ങളുമില്ലാത്ത രീതിയില്‍ സുരക്ഷ ഉറപ്പ് വരുത്തും. ഡ്യൂട്ടിയിലുള്ള ഓരോ ഉദ്യോഗസ്ഥര്‍ക്കും ഓരോ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടാവും. അവ കൃത്യമായി നടപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഇതിന്റെ എല്ലാ വിവരങ്ങളും ബ്ലു ബുക്കില്‍ രേഖപ്പെടുത്തും.

ഉദ്യോഗസ്ഥർക്ക് പ്രത്യേക സംരക്ഷണ ചുമതല ഏര്‍പ്പെടുത്തിയതിന് ശേഷം വീണ്ടും എല്ലായിടവും പരിശോധിച്ച് പ്രധാനമന്ത്രിയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തും. ആ കാലം, രാജ്യത്തെ നടുക്കിയ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം നടന്ന കാലയളവായതിനാല്‍ പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള സുരക്ഷാ ക്രമങ്ങള്‍ ഒന്നുകൂടെ ശക്തമായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെയും പരിസര പ്രദേശങ്ങളുടെയും സംരക്ഷണച്ചുമതല സംസ്ഥാന പോലീസ് സേനക്ക് കീഴിലായിരുന്നു. പ്രാദേശിക പോലീസ് സേനക്ക് ഈ സുരക്ഷ സന്നാഹങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു.

ഫെബ്രുവരിയിലെ ആദ്യവാരത്തില്‍ പ്രധാനമന്ത്രി ആകാശമാര്‍ഗത്തില്‍ ഗുജറാത്തിലും അവിടെ നിന്ന് ഹെലികോപ്റ്റര്‍ വഴി ബാസ്തിയിലുമെത്തി ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നായിരുന്നു പദ്ധതി. പിന്നീട് ഖരക്പൂറിലേക്കും ജയ്പൂരിലേക്കും യാത്ര തിരിക്കും.

പ്രധാനമന്ത്രിയുടെ യാത്രയിൽ വ്യോമസേനയുമായി ബന്ധപ്പെട്ട ചുമതലകളായിരുന്നു എനിക്ക് ലഭിച്ചിരുന്നത്.
അദ്ദേഹത്തിന്റെ വിമാനമിറങ്ങുന്ന സ്ഥലവും പരിസരവും സുരക്ഷിതമാക്കുക, അനുവദിച്ചിരിക്കുന്ന വഴിയല്ലാതെ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുക, അദ്ദേഹത്തിന്റെ വിമാനം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയായിരുന്നു എന്റെ ചുമതലയില്‍ ഉള്‍പ്പെട്ടിരുന്നത്.

ഈ ഉത്തരവാദിത്വത്തിൽ എന്റെ പരിധിയില്‍ വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനുള്ള ചുമതലയും എനിക്കായിരുന്നു. മാത്രമല്ല, രഹസ്യാന്വേഷണ വിഭാഗവും, പോലീസിന്റെ പ്രത്യേക വിഭാഗവുമായി ചേര്‍ന്ന് നിര്‍വഹിച്ചിരുന്ന ചുമതലകള്‍ ഉദ്യോഗസ്ഥര്‍ക്ക് വിഭജിച്ച് നല്‍കി, പ്രദേശം മുഴുവന്‍ സൂക്ഷ്മ പരിശോധന വിധേയമാക്കണമായിരുന്നു. ഒരു ദിവസം മുമ്പ് തന്നെ എല്ലാ പഴുതുകളുമടച്ച് പരിശീലനം നടത്തി പൂര്‍ണ്ണ സുരക്ഷ ഉറപ്പ് വരുത്തി. ഫെബ്രുവരി 11 ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്ഥലത്തെത്തുകയും ഹെലികോപ്റ്ററില്‍ ബാസ്തിയിലേക്ക് പോവുകയും ചെയ്തു.

പ്രധാനമന്ത്രി സംസ്ഥാനത്തുവന്ന സമയത്ത് ഞാനായിരുന്നു ആ വിമാനത്താവളത്തിലെ ഏറ്റവും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍. അടുത്തുള്ള പ്രദേശങ്ങളും അവിടെയുള്ള വാഹനങ്ങളും പരിശോധിച്ച ശേഷം ഞാന്‍ റണ്‍വേയിലെത്തി. അവിടെ അഞ്ച് പൊലീസുകാര്‍ കൈത്തോക്കുകളുമായി രാജീവ് ഗാന്ധിയുടെ വിമാനത്തിന് സുരക്ഷയേര്‍പ്പെടുത്തിയിരുന്നു. ഒരു വ്യോമസേനാ ഉദ്യോഗസ്ഥനും എന്നോടൊപ്പമുണ്ടായിരുന്നു.

അപ്പോഴാണ്‌ പ്രധാനമന്ത്രിയുടെ വിമാനം പരിശോധിച്ചിട്ടില്ലെന്ന കാര്യം പെട്ടെന്നോര്‍മ വന്നത്. കൂടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനോട് പരിശോധനക്കായി കൂടെ വരാന്‍ ഞാന്‍ ആവശ്യപ്പെട്ടെങ്കിലും പരിശോധിക്കണോ എന്നൊരു സംശയം പ്രകടിപ്പിച്ച് അദ്ദേഹം മാറിനിന്നു. എന്നാൽ സ്റ്റേഷന്‍ കമാന്ററുമായി ബന്ധപ്പെട്ട് അനുമതി വാങ്ങിയതിന് ശേഷം ഞങ്ങള്‍ പരിശോധന തുടങ്ങി. അങ്ങിനെ ചെയ്യുന്നതിൽ അനുചിതമായി എനിക്കൊന്നും തോന്നിയില്ല. ഞങ്ങള്‍ വിമാനത്തിൽ പൈലറ്റുമാരുടെ മുറി മുതല്‍ ഏറ്റവും പുറകുവശം വരെ പരിശോധന നടത്തി.

സാധാരണയിൽ നിന്നും മാറി പ്രത്യേക രീതിയിലുള്ള വിമാനമായിരുന്നു അത്. ഉള്ളിൽ ഒരു ക്യാബിനും ഒരു പ്രസ്സ് ഏരിയയുമടങ്ങിയ വിമാനത്തില്‍ പ്രധാനമന്ത്രിക്ക് വേണ്ടി ഒരു പ്രത്യേക സീറ്റുണ്ടായിരുന്നു. വിമാനത്തിനുള്ളിൽ സംശയാസ്പദമായി ഒന്നും കാണാന്‍ സാധിച്ചില്ല. പരിശോധന നടത്തിയ ശേഷം ഞങ്ങള്‍ തിരിച്ച് റണ്‍വേയിലെത്തി. പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ഒരു വിമാനത്തില്‍ വൈകുന്നേരം പ്രധാനമന്ത്രി യാത്ര തിരിച്ചു.