കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി രൂപീകരിക്കുന്ന ഫെഡറല്‍ മുന്നണിയിൽ സിപിഎമ്മും: ചന്ദ്രശേഖരറാവു പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

single-img
7 May 2019

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി രൂപീകരിക്കുന്ന ഫെഡറല്‍ മുന്നണിയുടെ ഭാഗമാകാന്‍ സിപിഎമ്മും ഒരുങ്ങുന്നതായി സൂചന.  തെലുങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ ചന്ദ്രശേഖരറാവു കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് ഇതു സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ശക്തിയാർജ്ജിച്ചത്.

ഓരോ സംസ്ഥാനങ്ങളിലും കരുത്തരായ പ്രാദേശിക പാര്‍ട്ടികളെ ഒന്നിപ്പിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ഉദ്ദേശമാണ് ഫെഡല്‍ മുന്നണി മുന്നോട്ടു വയ്ക്കുന്നത്. ചന്ദ്രശേഖരറാവുവാണ് ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്ലിഫ്ഹൗസില്‍ എത്തിയ കെസിആര്‍ പിണറായിയുമായി ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയിലെ വിഷയം സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിടാന്‍ ഇരുവരും തയ്യാറായിട്ടില്ലെങ്കിലും ഇടതു പാര്‍ട്ടികളെയും ഫെഡറല്‍ ഫ്രണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതി​ന്റെ ഭാഗമായിട്ടാണ് പിണറായി വിജയനുമായി കെസിആര്‍ ചര്‍ച്ച നടത്തിയതെന്നാണ് സൂചനകള്‍.

പിണറായിക്ക് പിന്നാലെ അടുത്തയാഴ്ച തമിഴ്നാട്ടിലെ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായും ചന്ദ്രശേഖര്‍ റാവു ചര്‍ച്ച നടത്തുന്നുണ്ട്. നേരത്തേ ചന്ദ്രശേഖരറാവു വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായും ചര്‍ച്ച നടത്തിയിരുന്നു. ഫെഡറല്‍ മുന്നണിയുമായി സഹകരിക്കുമെന്ന് ജഗന്‍മോഹന്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായും ബിജെഡി നേതാവ് നവീന്‍ പട്നായിക്കുമായും കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇരുവരും നിലപാട് വ്യക്തമാക്കിയിട്ടില്ല.