ബീഹാറില്‍ പോളിംഗ് കേന്ദ്രത്തിനു സമീപമുള്ള ഹോട്ടലില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും പിടിച്ചെടുത്തു

single-img
7 May 2019

ബീഹാറിലെ മുസാഫിര്‍പൂരിലെ ഹോട്ടലില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് ദിവസം തിങ്കളാഴ്ചയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍നിന്നും കണ്ടെടുത്തത്. സംഭവത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സ്ഥലത്തുണ്ടായത്.

രണ്ട് ബാലറ്റ് യൂണിറ്റ്, ഒരു കണ്‍ട്രോള്‍ യൂണിറ്റ്, രണ്ട് വിവിപാറ്റ് യന്ത്രങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. രണ്ട് ഘട്ടങ്ങളിലായി 16 മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പിന് ബാക്കി നില്‍ക്കെയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്. സെക്ടര്‍ ഉദ്യോഗസ്ഥനായ അവദേഷ് കുമാറിന്റ പക്കല്‍ നിന്നുമാണ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്.

കേടാകുന്ന യന്ത്രങ്ങള്‍ക്ക് പകരം എത്തിക്കാന്‍ നല്‍കിയിരുന്ന യന്ത്രങ്ങളാണ് പിടിച്ചെടുത്തതെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. ഡ്രൈവര്‍ മറ്റൊരു ബൂത്തില്‍ വോട്ട് ചെയ്യാന്‍പോയതുകൊണ്ടാണ് ഹോട്ടലില്‍ വിവിപാറ്റുകളും കണ്‍ട്രോള്‍ യൂണിറ്റും സൂക്ഷിച്ചതെന്ന് അവേഷ് കുമാര്‍ പറയുന്നു. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി തുടങ്ങിയതായി ജില്ല കളക്ടര്‍ വ്യക്തമാക്കി.