ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭാര്യയുടെ തെരഞ്ഞെടുപ്പ് പ്രചരണം വന്‍ സംഭവമാക്കാനൊരുങ്ങിയ അനുപം ഖേറിന് കിട്ടിയത് ‘എട്ടിന്റെ പണി’; നിശ്ചയിച്ച രണ്ട് പരിപാടികളും റദ്ദാക്കി

single-img
7 May 2019

‘കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബി.ജെ.പിയുടെ കിരണ്‍ ഖേര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവരുടെ പ്രചാരണത്തിനായി പോകുകയാണ്. ഛത്തീസ്ഗഢിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച രാഷ്ട്രീയ നേതാവാണ് കിരണ്‍’. ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും പങ്കുവെച്ചുള്ള അനുപം ഖേറിന്റെ ഈ ട്വീറ്റ് ഇപ്പോള്‍ അദ്ദേഹത്തെ തന്നെ തിരിഞ്ഞുകൊത്തുകയാണ്.

ജനക്കൂട്ടമില്ലാത്തതിനെ തുടര്‍ന്ന് നിശ്ചയിച്ച രണ്ട് പരിപാടികളും റദ്ദാക്കേണ്ടി വരികയായിരുന്നു. ഇതോടെ അനുപം ഖേറിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്. സെക്ടര്‍ 28 സിയില്‍ വൈകുന്നേരം നാലു മണിക്കായിരുന്നു അനുപം ഖേര്‍ പങ്കെടുക്കുന്ന ആദ്യ പരിപാടി നിശ്ചയിച്ചിരുന്നതെന്നാണ് ഛത്തീസ്ഗഢ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

എന്നാല്‍ ആളുകളെത്താതായതോടെ ഇത് റദ്ദാക്കുകയായിരുന്നു. സെക്ടര്‍ 35 സിയില്‍ അഞ്ചു മണിക്ക് നടക്കേണ്ടതായിരുന്നു രണ്ടാമത്തെ പരിപാടി. ഇതില്‍ പങ്കെടുക്കാനായി അനുപം ഖേര്‍ മാര്‍ക്കറ്റിലേക്ക് നീങ്ങിയതാണ്. എന്നാല്‍ ആള്‍ക്കൂട്ടത്തെ കാണാതായതോടെ കാര്‍ അവിടെ നിര്‍ത്താതെ പോകുകയായിരുന്നു. കാറിന്റെ ഗ്ലാസ് തുറന്ന് അനുപം ഖേര്‍ പുറത്തേക്ക് നോക്കിയെന്നും എന്നാല്‍ ആളുകളെ കാണാതായതോടെ തിരിച്ചുപോകുകയായിരുന്നുവെന്നും ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.