യുപിയിൽ മുൻ സർക്കാരിന്റെ കാലത്ത് ഹോളിക്കും ദിവാലിക്കും ലഭിക്കാത്ത വൈദ്യുതി മുഹറത്തിനും ഈദിനും ലഭിക്കുമായിരുന്നു; വര്‍ഗീയ പരാമര്‍ശവുമായി വീണ്ടും യോഗി ആദിത്യനാഥ്‌

single-img
6 May 2019

യുപിയിൽ മുന്‍ സര്‍ക്കാറിന്റെ കാലത്ത് മുഹറത്തിനും ഈദിനും മാത്രമേ വൈദ്യുതി ലഭിക്കാറുള്ളുവെന്നും, ഹോളിക്കും ദീപാവലിക്കും ഇല്ലായിരുന്നെന്നും മുഖ്യമന്ത്രി ആദിത്യനാഥ്. ഇപ്പോഴുള്ള അവസ്ഥ അങ്ങനെയല്ലെന്നും ആദിത്യനാഥ് പറഞ്ഞു. ദൊമാരിഗഞ്ചില്‍ ഇന്ന് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

യുപിയിൽ മുൻപ് ജാതി അടിസ്ഥാനത്തിലായിരുന്നു വൈദ്യുതി അനുവദിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഹോളിക്കും ദിവാലിക്കും ആളുകള്‍ക്ക് വൈദ്യുതി ലഭിക്കാറില്ലായിരുന്നു, എന്നാല്‍ മുഹറത്തിനും ഈദിനും ലഭിക്കുമായിരുന്നു’- ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ യുപി നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാനമായ പ്രസ്താവന നടത്തിയത് ഏറെ വിവാദമായിരുന്നു. റംസാനില്‍ ആളുകള്‍ക്ക് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കില്‍ ദിവാലിക്കും ലഭിക്കണമെന്നായിരുന്നു മോദി അന്ന് പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത് തുടർച്ചയായി വർഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

ഇപ്പോൾ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അലി ബജ്‌റംഗ്ബലി പോരാട്ടം എന്ന് വിശേഷിപ്പിച്ചതിന് 72 മണിക്കൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും ആദിത്യനാഥിനെ കമ്മീഷന്‍ വിലവിലക്കുകയുമുണ്ടായതാണ്.