ഒന്നാം വിക്കറ്റില്‍ 365 റണ്‍സ് കൂട്ടുകെട്ട്; ഏകദിന ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് വെസ്റ്റ് ഇന്‍ഡീസ്

single-img
6 May 2019

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഒന്നാം വിക്കറ്റില്‍ 365 റണ്‍സ് കൂട്ടുകെട്ടുമായി വെസ്റ്റ് ഇന്‍ഡീസിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. ജോണ്‍ കാംബെലും ഷായ് ഹോപുമാണ് ഏകദിന ക്രിക്കറ്റിലെ റെക്കോര്‍ഡ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.

കാംബെല്‍ 137 പന്തില്‍ 179 റണ്‍സടിച്ചപ്പോള്‍ ഷായ് ഹോപ് 152 പന്തില്‍ 170 റണ്‍സെടുത്തു. ഒരു മല്‍സരത്തില്‍ രണ്ടു താരങ്ങള്‍ 170 റണ്‍സ് പിന്നിടുന്നത് ഇതാദ്യമാണ്. ഒടുവില്‍ ബാരി മക്കാര്‍ത്തി എറിഞ്ഞ 48ാം ഓവറിലാണ് ഇരുവരും പുറത്തായത്. ജോണ്‍ കാംബെല്‍ 137 പന്തില്‍ 15 ബൗണ്ടറിയും ആറു സിക്‌സും സഹിതമാണ് 179 റണ്‍സെടുത്തത്.

ഷായ് ഹോപ് 152 പന്തില്‍ 22 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 170 റണ്‍സുമെടുത്തു. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നിരയില്‍ പുറത്തായ മൂന്നാമന്‍. ആറു പന്തില്‍ ഒരു റണ്ണാണ് ഹോള്‍ഡറിന്റെ സമ്പാദ്യം. ഡാരന്‍ ബ്രാവോ ഏഴു പന്തില്‍ ഒന്‍പതു റണ്‍സുമായി പുറത്താകാതെ നിന്നു. വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ 3 വിക്കറ്റിന് 381 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അയര്‍ലന്‍ഡ് 34.4 ഓവറില്‍ 185 റണ്‍സിനു പുറത്തായി. മത്സരം വിന്‍ഡീസ് 196 റണ്‍സിനു ജയിച്ചു.

2018ല്‍ സിംബാബ്‌വെയ്‌ക്കെതിരെ ഓപ്പണിങ് വിക്കറ്റില്‍ 304 റണ്‍സ് നേടിയ ഇമാം ഉല്‍ ഹഖ്–ഫഖര്‍ സമാന്‍ സഖ്യത്തെയാണു (പാക്കിസ്ഥാന്‍) കാംബെലും ഹോപും മറികടന്നത്. ഏകദിനത്തില്‍ ഏതൊരു വിക്കറ്റിലെയും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടു കൂടിയാണിത്. വിന്‍ഡീസിന്റെതന്നെ ക്രിസ് ഗെയ്ല്‍ –മര്‍ലോന്‍ സാമുവല്‍സ് സഖ്യത്തിന്റെ പേരിലാണ് (2015ല്‍ സിംബാബ്‌വെയ്‌ക്കെതിരെ രണ്ടാം വിക്കറ്റില്‍ നേടിയ 372 റണ്‍സ്) ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ്.