പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയ്ക്ക് വിലക്കുമായി ടീക്കാറാം മീണ: മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തി

single-img
6 May 2019

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരുവനന്തപുരത്ത് കൺസ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്‍റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിലക്ക് ഏര്‍പ്പെടുത്തിയത്.

മുഖ്യമന്ത്രി ഉദ്ഘാടകനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനുമായി ഇന്ന് വൈകിട്ടാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. സംസ്ഥാനമൊട്ടാകെയുള്ള കൺസ്യൂമർഫെഡ് കേന്ദ്രങ്ങളിലും സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകൾ പ്രവര്‍ത്തിപ്പിക്കാനായിരുന്നു തീരുമാനം.

ചടങ്ങിന് അനുമതി തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ  ഓഫീസ് കത്തയച്ചിരുന്നു. എന്നാൽ പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ അനുമതി നൽകാനാകില്ലെന്ന നിലപാടാണ് ടിക്കാറാം മീണ സ്വീകരിച്ചത്.

വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉദ്ഘാടന ചടങ്ങ് നടത്താനാകില്ലെന്നാണ് ടിക്കാറാം മീണയുടെ നിലപാട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഈ നടപടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും അതൃപ്തിയുണ്ട്.